'അര്‍ണബി'നെ നേരിടാന്‍ കനത്ത മുന്നൊരുക്കം; സ്‌കൂളുകള്‍ അടച്ചു, ട്രെയിനുകള്‍ റദ്ദാക്കി

ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചു

Update: 2026-10-27 07:17 GMT

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'അര്‍ണബ്' ചുഴലിക്കാറ്റിനെ നേരിടാന്‍ ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളില്‍ കനത്ത മുന്നൊരുക്കം. തെലങ്കാന, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ഇന്നും നാളെയും ആന്ധ്ര, ഒഡിഷ മേഖലകളിലൂടെ കടന്നുപോകുന്ന 53 ട്രെയിനുകള്‍ റദ്ദാക്കി. വിവിധ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി നല്‍കിയിട്ടുമുണ്ട്.

നിലവില്‍ വിശാഖപട്ടണത്ത് നിന്ന് 490 കിലോമീറ്ററും കാക്കിനാഡയില്‍ നിന്ന് 560 കിലോമീറ്ററും ബാപട്‌ലയില്‍ നിന്ന് 730 കിലോമീറ്ററും അകലെയായാണ് കാറ്റിന്റെ സ്ഥാനം. മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറേക്ക് നീങ്ങുകയാണ്. ഒക്ടോബര്‍ 28ന് രാവിലെ ആന്ധ്രപ്രദേശ് തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Advertising
Advertising

ഇരു സംസ്ഥാനങ്ങളിലെയും തീരജില്ലകളില്‍ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. കര, വ്യോമ, നാവിക സേനകളോടും കോസ്റ്റ് ഗാര്‍ഡിനോടും രക്ഷാപ്രവര്‍ത്തന സംഘത്തെ തയ്യാറാക്കി നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥന്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ദേശീയ ദുരന്ത പ്രതികരണ സമിതിയുടെ യോഗം നടന്നു. കിഴക്കന്‍ യുപി, ബിഹാര്‍ എന്നിവിടങ്ങളിലും കനത്ത മഴ ജാഗ്രതയുണ്ടാകണമെന്ന് നിര്‍ദേശം നല്‍കി.

ആന്ധ്രയിലും ഒഡിഷയിലും മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ ചേര്‍ന്നു. മുഴുവന്‍ മത്സ്യബന്ധന ബോട്ടുകളും കരയിലേക്ക് തിരിച്ചെത്തി. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.

'അര്‍ണബ്' ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ഇത് 28ന് ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ്, യാനം തീരങ്ങള്‍ക്കിടയിലൂടെ, ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയില്‍, മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ കരയിലേക്ക് വീശുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് 'അര്‍ണബ്' എന്ന പേര് നിര്‍ദേശിച്ചത്. ബംഗാളിയില്‍ സമുദ്രം എന്നാണ് ഇതിന്റെ അര്‍ഥം.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ്. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ദിവസങ്ങളില്‍ കാറ്റ് അനുകൂലമാകുന്നത് മഴ ശക്തമാക്കും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News