'ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി ഇടപെട്ടിട്ടില്ല, എല്ലാം കൂട്ടായെടുത്ത തീരുമാനം'; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍

കമ്മീഷൻ്റെ പ്രവര്‍ത്തനത്തെയും എസ്ഐആര്‍ സംബന്ധിച്ച ഫോമുകളിലെ മാറ്റങ്ങളെയും ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സത്യവാങ്മൂലം

Update: 2026-10-27 07:44 GMT

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ഏകകണ്ഠമായാണ് എടുത്തതെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ ഉപയോഗിക്കുന്ന 'ഫോം 6'ല്‍ തങ്ങള്‍ ഭേദഗതി വരുത്തിയിട്ടില്ല. എസ്‌ഐആര്‍ പ്രക്രിയയുടെ ഭാഗമായി കൊണ്ടുവന്ന അധിക സത്യപ്രസ്താവന ഒരു പ്രത്യേക രേഖയാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തെയും എസ്ഐആര്‍ സംബന്ധിച്ച ഫോമുകളിലെ മാറ്റങ്ങളെയും ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സത്യവാങ്മൂലം നല്‍കിയത്.

Advertising
Advertising

കമ്മീഷനിലെ വ്യക്തിഗത അംഗങ്ങള്‍ ഉന്നയിക്കുന്ന നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും ചോദ്യങ്ങളും കമ്മീഷന്റെ അന്തിമ തീരുമാനങ്ങളായി കാണാനാവില്ലെന്ന് സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടര്‍ രജിസ്‌ട്രേഷന്‍ നടപടികളിലും തീരുമാനമെടുക്കുന്ന രീതിയിലും മാറ്റം വരുത്തിയെന്ന ഹരജിക്കാരുടെ ആരോപണങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആര്‍ നടപ്പാക്കുന്നതിനുള്ള ഉത്തരവുകള്‍ ഏകകണ്ഠമായി പുറപ്പെടുവിച്ചതാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ഫോം 6 ഭേദഗതി ചെയ്‌തെന്ന ആരോപണവും കമ്മീഷന്‍ നിഷേധിച്ചു. ഫോം 6 ഭേദഗതി ചെയ്യാനുള്ള നിയമപ്രകാരമുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും എസ്ഐആറിന്റെ ഭാഗമായി അതിനൊപ്പം സമര്‍പ്പിക്കേണ്ട അധിക പ്രഖ്യാപനത്തില്‍ മാത്രമാണ് മാറ്റം വരുത്തിയതെന്നും കമ്മീഷന്‍ വിശദീകരിച്ചു. മുന്‍കാല വോട്ടര്‍ പട്ടികകളില്‍ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ മുത്തച്ഛന്‍, മുത്തശ്ശി എന്നിവരുടെയോ പേരുകള്‍ കണ്ടെത്തി നിലവിലെ അപേക്ഷയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍, ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഫോം 6ഉം അധിക പ്രഖ്യാപനവും പ്രദര്‍ശിപ്പിച്ച രീതി ഫോം ഭേദഗതി ചെയ്‌തെന്ന പ്രതീതി സൃഷ്ടിച്ചേക്കാമെന്ന് കമ്മീഷന്‍ സമ്മതിച്ചു.

അതേസമയം, കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും സീനിയര്‍ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ഗാര്‍ഗിനെതിരെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് കത്തുകള്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ ശരിവെച്ചു. രണ്ട് കമ്മീഷണര്‍മാരുടെയും സംയുക്ത നിര്‍ദേശത്തെ തുടര്‍ന്ന് ഈ ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. 

ഇസിഐ നെറ്റ് സംവിധാനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് മറുപടിയായി, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവില്ലാതെ വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ചേർക്കാനോ നീക്കം ചെയ്യാനോ കഴിയില്ലെന്ന് കമ്മീഷൻ പറഞ്ഞു. നിർദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഐഐടികളിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെയും വിദഗ്ധർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News