ഭോപാല്‍: വൈദിക മന്ത്രോച്ചാരണങ്ങളും ഭജനകളും മുഴങ്ങിനിൽക്കുന്ന അന്തരീക്ഷത്തിൽ സന്യാസിവര്യന്മാരെ മുന്നിൽനിർത്തി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ് തുടക്കമിട്ട 'സത്യ സനാതൻ സ്വാഭിമാൻ യാത്ര' രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. 930 കിലോമീറ്റര്‍ പദയാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും, യാത്രയുടെ വഴികളും രാഷ്ട്രീയ പശ്ചാത്തലവും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ തട്ടകത്തിൽ നിന്ന് ആരംഭിച്ച യാത്ര മധ്യപ്രദേശിൽ കോൺഗ്രസ് സംഘടനയെ ശക്തിപ്പെടുത്തുമെന്നും, ഉത്തർപ്രദേശിൽ നിഷ്ക്രിയരായി കിടക്കുന്ന പാർട്ടി പ്രവർത്തകരെ വീണ്ടും സജീവമാക്കുമെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ഈ 70 ദിവസത്തെ പദയാത്ര മധ്യപ്രദേശിലൂടെ കടന്ന് ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രദർശനത്തോടെയാണ് സമാപിക്കുക.
അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ശേഖരിച്ച സംഭാവനകളിൽ വൻ ക്രമക്കേട് നടന്നുവെന്നും ഇപ്പോഴുള്ളതിനേക്കാള്‍ സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് ദിഗ്വിജയ് സിങ് മുന്നിലുണ്ട്. ഇത് ബിജെപിയെ കാര്യമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എപ്പോഴും ഹിന്ദുത്വ വിഷയങ്ങളിൽ പ്രതിരോധത്തിലായിരുന്ന കോൺഗ്രസ്, ആദ്യമായാണ് ഈ വിഷയത്തിൽ ശക്തമായ ആക്രമണം അഴിച്ചുവിടുന്നത്.
ഉജ്ജയിൻ, തരാന, ഷാജാപ്പൂർ, സാരംഗ്പൂർ, രാജ്ഗഢ്, ചാചൗര, അശോക് നഗർ, ചന്ദേരി, ഓർച്ഛ തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് യാത്ര. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനമേഖലയായ ഗുണ-ശിവപുരി മേഖലയിലാണ് ചന്ദേരിയും അശോക് നഗറും വരുന്നത്. രാമരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഓർച്ഛയിലെ ദർശനത്തിന് ശേഷമാണ് യാത്ര യുപിയിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രി മോഹൻ യാദവിന്റെ സ്വന്തം തട്ടകമായ ഉജ്ജയിനിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത മാറ്റിവെച്ച് ഐക്യത്തോടെ പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞുവെന്ന് സിങ് അവകാശപ്പെട്ടു.
ജ്യോതിഷ് പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി, ദ്വാരക-ശാരദാ പീഠം ശങ്കരാചാര്യ സ്വാമി സദാനന്ദ സരസ്വതി തുടങ്ങിയ പ്രമുഖ സന്യാസിമാരുടെ പിന്തുണ യാത്രയ്ക്കുണ്ടെന്ന് സംഘാടകർ അവകാശപ്പെടുന്നു. ബിജെപിയുടെ നിലപാടുകളിൽ അതൃപ്തിയുള്ള എന്നാൽ ഹൈന്ദവ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്ന വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ യാത്ര വഴി കോൺഗ്രസിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ദിഗ്വിജയ് സിങിന്റെ മധ്യപ്രദേശ് നീക്കങ്ങൾ
2023 ഡിസംബറിൽ നടന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസിനെ ബാധിച്ച സംഘടനാ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ദിഗ്വിജയ് സിങിന്റെ യാത്ര. മുൻപ് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് വിജയിക്കാൻ സാധിക്കാത്ത 66 മണ്ഡലങ്ങളിൽ പര്യടനം നടത്താൻ അന്ന് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. പാർട്ടി പ്രവർത്തകരുമായി വീണ്ടും ബന്ധപ്പെടുക, പ്രാദേശിക പരാതികൾ മനസ്സിലാക്കുക, ബിജെപിയുടെ കോട്ടകളിൽ സംഘടനയെ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യം. എന്നാൽ, തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളിലൂടെ രൂപപ്പെട്ട പാർട്ടിയുടെ ബലഹീനതകൾ പരിഹരിക്കാൻ കഴിഞ്ഞില്ല.
എന്നാൽ 2028ൽ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷം ബാക്കി നിൽക്കെയാണ് ദിഗ്വിജയ് സിംഗിന്റെ യാത്ര. 2023ൽ സംസ്ഥാനത്തെ 230 സീറ്റുകളിൽ 163 എണ്ണം നേടി ബി.ജെ.പി അധികാരം നിലനിർത്തിയപ്പോൾ കോൺഗ്രസിന് 66 സീറ്റുകൾ മാത്രമാണ് നേടാനായത്. വർഷങ്ങളായി അധികാരത്തിന് പുറത്തായിരുന്നിട്ടും മധ്യപ്രദേശിലെ മണ്ഡലങ്ങളിലുടനീളം വലിയൊരു സൗഹൃദ ശൃംഖല നിലനിർത്താൻ ദിഗ്വിജയ് സിംഗിന് സാധിച്ചിട്ടുണ്ടെന്ന് ഒരു കോൺഗ്രസ് പ്രവർത്തകൻ ചൂണ്ടിക്കാട്ടി. തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ മൂലം തളർന്ന സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ഈ യാത്ര സഹായിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സമാജ്വാദി പാർട്ടി സഖ്യവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഉത്തർപ്രദേശിലെ മണ്ഡലങ്ങളിൽ കോൺഗ്രസിന് കൂടുതൽ ജനശ്രദ്ധയും സാന്നിധ്യവും ഉറപ്പാക്കാൻ ഈ യാത്രയ്ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുപി തെരഞ്ഞെടുപ്പിലും നിര്‍ണായകം
സമാജ്വാദി പാർട്ടി (എസ്പി) പ്രധാന പങ്കാളിയായ ഉത്തർപ്രദേശിൽ കോൺഗ്രസിന് നിലവിൽ സംഘടനാ അടിത്തറ ദുർബലമാണ്. 2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തകരെ സജീവമാക്കാൻ ഈ യാത്ര ഉപകരിക്കും.
ബുന്ദേൽഖണ്ഡ് മേഖലയിലൂടെ കടന്ന് കാൺപൂർ ദേഹാത്, ലഖ്നൗ ദേഹാത്, ബാരബങ്കി വഴി യാത്ര അയോധ്യയിലെത്തും. എസ്പിയുടെ കോട്ടകളിലൂടെ സിങ് കടന്നുപോകുമ്പോൾ കോൺഗ്രസ് പ്രവർത്തകർ കൂടുതൽ സജീവമാകുമെന്നും, ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾക്കായി എസ്പിയുമായി ചർച്ച നടത്താൻ കോൺഗ്രസിന് കരുത്തുപകരുമെന്നും മുതിർന്ന നേതാക്കൾ കരുതുന്നു. നേരത്തെ 2023 തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി കമൽനാഥ് 'സോഫ്റ്റ് ഹിന്ദുത്വ' നിലപാടാണ് സ്വീകരിച്ചതെങ്കിൽ, ബിജെപിക്കും ആർഎസ്എസിനുമെതിരെ പറഞ്ഞുതന്നെയാണ് സിങ് പോകുന്നത്.
"ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. എന്നാൽ ആർഎസ്എസ് ഭരണഘടനയെയും ദേശീയ പതാകയെയും അവഹേളിക്കുകയാണ്. മഹാത്മാഗാന്ധിയെ നാഥുറാം ഗോഡ്സെ വധിച്ച അതേ ആശയപരമായ പോരാട്ടമാണിത്. ആർഎസ്എസ്, വിഎച്ച്പി, ബജ്രംഗ് ദൾ എന്നിവയ്ക്കെതിരായ ഈ പോരാട്ടം ഞങ്ങളുടെ അവസാന ശ്വാസം വരെ തുടരും"- ദിഗ്വിജയ് സിങ് പറഞ്ഞു.
യാത്ര ആദ്യമല്ല, അന്ന് സര്‍ക്കാരുമുണ്ടാക്കി
ആത്മീയ യാത്രകൾ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ ദിഗ്വിജയ് സിങ്ങിന് മുൻപരിചയമുണ്ട്. 2017 സെപ്റ്റംബർ 30 മുതൽ 2018 ഏപ്രിൽ 9 വരെ അദ്ദേഹം നടപ്പാക്കിയ 3,300 കിലോമീറ്റർ നീണ്ട 'നർമദ പരിക്രമണം' ഇതിനൊരു ഉദാഹരണമാണ്. അന്ന് ആ യാത്ര കേവലം ആത്മീയമാണെന്ന് വിശേഷിപ്പിച്ചെങ്കിലും, തൊട്ടുപിന്നാലെ നടന്ന 2018ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും സർക്കാരുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ 2020 മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യയും 22 കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറിയതോടെ കമൽനാഥ് സർക്കാർ വീഴുകയായിരുന്നു.
നിലവിലെ 'സത്യ സനാതൻ സ്വാഭിമാൻ യാത്ര'യും സമാനമായ രീതിയിൽ കോൺഗ്രസിന് പുതിയ രാഷ്ട്രീയ ജീവൻ നൽകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.