പിഎം ശ്രീയിലെ അതൃപ്തി: ഡൽഹിയിൽ എം.എ ബേബിയെ കണ്ട് ഡി. രാജ
സിപിഐ ദേശീയ എക്‌സിക്യുട്ടീവ് ഡൽഹിയിൽ ചേരുന്നതിനിടെയാണ് രാജ എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
Photo| Special Arrangement
ന്യൂഡൽഹി: പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ട നടപടി വിവാദമായിരിക്കെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തുന്നു. ഡൽഹി എകെജി ഭവനിലാണ് കൂടിക്കാഴ്ച. കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്നും ഡി. രാജ പറഞ്ഞു.
സിപിഐ ദേശീയ എക്‌സിക്യുട്ടീവ് ഡൽഹിയിൽ ചേരുന്നതിനിടെയാണ് രാജ എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഉച്ചയ്ക്ക് 1.50ഓടെയാണ് ഡി. രാജ എകെജി സെന്ററിലെത്തിയത്.
പിഎം ശ്രീയിൽ ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കണമെന്നും പദ്ധതിയിൽ നിന്ന് കേരളം പിന്നോട്ടുപോകണമെന്നും സിപിഐ ആവശ്യപ്പെടുന്നു. മുന്നണി മര്യാദകൾ ലംഘിച്ചാണ് സിപിഎം ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും സിപിഐ മന്ത്രിമാർ പോലും അറിഞ്ഞില്ല എന്നത് പാർട്ടിയെ അപമാനിക്കുന്നതാണെന്നുമാണ് വിലയിരുത്തൽ. ഇതിലുള്ള ശക്തമായ അതൃപ്തി ഡി. രാജ എം.എ ബേബിയെ അറിയിക്കും.
ചെന്നൈയിലായിരുന്ന എം.എ ബേബി ഇന്നാണ് ഡൽഹിയിലേക്ക് മടങ്ങിയെത്തിയത്. ഡൽഹിയിലെത്തി മണിക്കൂറുകൾക്കുള്ളിലാണ് ഡി. രാജ എകെജി ഭവനിലേക്ക് എത്തുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിലടക്കം സിപിഐയ്ക്ക് അതൃപ്തിയുണ്ട്. എം.എ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി. രാജ മാധ്യമങ്ങളെ കണ്ടേക്കും.
ഇതിനിടെ, പിഎം ശ്രീ വിവാദത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മന്ത്രി വി.ശിവന്‍കുട്ടി എംഎന്‍ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തെ കണ്ടെങ്കിലും അദ്ദേഹം നിലപാടിൽ അയവ് വരുത്തിയില്ല. മന്ത്രി ജി.ആര്‍ അനിലും ബിനോയ് വിശ്വത്തിനൊപ്പമുണ്ടായിരുന്നു.
പദ്ധതിയിൽ ഒപ്പുവച്ചതിലെ അതൃപ്തി സിപിഐ നേതൃത്വം മന്ത്രിയെ അറിയിച്ചു. 'ബിനോയ് വിശ്വത്തെയും ജി.ആര്‍ അനിലിനെയും കണ്ടു. പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചര്‍ച്ച ചെയ്തു. ചര്‍ച്ച ചെയ്ത കാര്യങ്ങൾ വെളിപ്പടുത്താൻ ആഗ്രഹിക്കുന്നില്ല. എല്ലാ പ്രശ്നങ്ങളും തീരും- എന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രിയുടെ പ്രതികരണം.