ആൾട്ട് ന്യൂസ് സുബൈറിനെതിരെ പരാതി നൽകിയ വ്യാജ ട്വിറ്റർ ഐ.ഡി ഡൽഹിയിലെ ബിസിനസുകാരൻ

ഇയാൾ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് കുടുംബത്തോടൊപ്പം അജ്മീറിൽ നിന്ന് ഡൽഹിയിലേക്ക് വന്നതെന്നും പൊലീസ് പറയുന്നു.

Update: 2023-09-01 06:40 GMT

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിന് കാരണമായ പരാതി നൽകിയ വ്യാജ ട്വിറ്റർ ഐ.ഡിയുടെ ഉടമ ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ. ഡൽഹി പൊലീസാണ് ഇക്കാര്യം അറിയിച്ചത്. 'ഹനുമാൻ ഭക്ത്' എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് ഉടമ നൽകിയ പരാതിയിലായിരുന്നു ഡൽഹി പൊലീസ് സുബൈറിനെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

@balajikijaiin എന്നായിരുന്നു ഈ അക്കൗണ്ട് ഓപറേറ്ററുടെ പേര് നൽകിയിരുന്നത്. ഇയാളെ കുറിച്ചാണ് ഡൽഹി പൊലീസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഈ 36കാരൻ രാജസ്ഥാനിലെ അജ്മീർ സ്വദേശിയാണ്. നിലവിൽ ദ്വാരകയിലാണ് താമസമെന്നും ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ ഇയാളുടെ പേരു വെളിപ്പെടുത്താൻ പൊലീസ് ഉദ്യോ​ഗസ്ഥൻ തയാറായില്ല.

Advertising
Advertising

ഇയാൾക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. '36കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് ആ അജ്ഞാത ട്വിറ്റർ ഹാൻഡിൽ കൈകാര്യം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള ഇയാൾ ഇപ്പോൾ താമസിക്കുന്നത് ദ്വാരകയിലാണ്'- പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇയാൾ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് കുടുംബത്തോടൊപ്പം അജ്മീറിൽ നിന്ന് ഡൽഹിയിലേക്ക് വന്നതെന്നും പൊലീസ് പറയുന്നു.

ട്വിറ്ററിൽ നിന്നുള്ള പ്രതികരണത്തെത്തുടർന്ന് ഐ.പി വിലാസം ഉപയോഗിച്ച് പൊലീസ് ഇയാളെ ട്രാക്ക് ചെയ്യുകയും അന്വേഷണവുമായി സഹകരിക്കാൻ നോട്ടീസ് അയയ്ക്കുകയും ചെയ്തെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. എന്നാൽ, എപ്പോഴാണ് നോട്ടീസ് അയച്ചത്, മൊഴി രേഖപ്പെടുത്തിയത് തുടങ്ങിയ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പങ്കുവച്ചില്ല.

2018ലെ ഒരു ട്വീറ്റിന്റെ പേരിൽ ജൂൺ 27നാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായി 24 ദിവസം കസ്റ്റഡിയിലായിരുന്ന അദ്ദേഹം ഇപ്പോൾ ജാമ്യത്തിലാണ്.

അറസ്റ്റിന് പിന്നാലെ, സുബൈറിനെതിരെ പരാതി നൽകിയ 'ഹനുമാൻ ഭക്ത്' എന്ന ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുമ്പ് മാത്രം ആരംഭിച്ച ട്വിറ്റർ അക്കൗണ്ടായിരുന്നു ഇത്. ഇതിൽ നിന്ന് ഡൽഹി പൊലീസിനെ ടാഗ് ചെയ്തുവന്ന ഒരു പോസ്റ്റാണ് സുബൈറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്.

1983ൽ പുറത്തിറങ്ങിയ 'കിസി സേ നേ കെഹന' എന്ന സിനിമയിലെ ഒരു ദൃശ്യം പങ്കുവച്ചതിനായിരുന്നു അറസ്റ്റ്. 'ഹണിമൂൺ ഹോട്ടൽ' എന്ന പേര് മാറ്റി 'ഹനുമാൻ ഹോട്ടൽ' എന്നാക്കി മാറ്റിയതാണ് സിനിമയുടെ ദൃശ്യത്തിൽ ഉണ്ടായിരുന്നത്. 2014നു മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014നു ശേഷം ഹനുമാൻ ഹോട്ടൽ എന്ന കുറിപ്പും ഈ ചിത്രത്തിനൊപ്പമുണ്ടായിരുന്നു.

ഈ പരാതിക്കു പിന്നാലെ സുബൈറിനെതിരെ മറ്റിടങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഹാഥ്റസിൽ രണ്ടെണ്ണം, സീതാപൂർ, ലഖിംപൂർ ഖേരി, മുസഫർന​ഗർ, ​ഗാസിയാബാദ്, ചന്ദൗലി എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് വീതവുമാണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടത്.

ജൂലൈ 20നാണ് അദ്ദേഹത്തിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് തള്ളിയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ജാമ്യം നൽകിയത്. കസ്റ്റഡിയിൽ വയ്ക്കാൻ ഒരു ന്യായീകരണവും ഇല്ലെന്നു‌ നിരീക്ഷിച്ചായിരുന്നു ജാമ്യം.

സുബൈർ ഇനി ട്വീറ്റ് ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന യു.പി പൊലീസിന്റെ ആവശ്യം തള്ളിയ കോടതി, ഒരു പത്രപ്രവർത്തകനോട് എഴുതരുത് എന്ന് പറയാൻ നമുക്ക് എങ്ങനെ കഴിയുമെന്ന് ചോദിച്ചു. എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാനും കോടതി നിർദേശം നൽകിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News