കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; തടയാൻ വൻ സന്നാഹമൊരുക്കി പൊലീസ്

വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡുകളിൽ ബാരിക്കേഡുകളും ആണികളും സ്ഥാപിച്ചിട്ടുണ്ട്

Update: 2024-12-08 06:42 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും. രണ്ട് ദിവസം മുൻപ് നടന്ന മാർച്ചിൽ ഹരിയാന-പഞ്ചാബ് ശംഭു അതിർത്തി കടക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. ഇതിൽ നിരവധി കർഷകർക്ക് പരിക്കേറ്റതോടെ മാർച്ച് താൽക്കാലികമായി നിർത്തിയിരുന്നു. മാർച്ച് തടയാൻ ശംഭു അതിർത്തിയിൽ കനത്ത പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

കർഷക സംഘടനകളായ സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും ചേർന്നുള്ള 101 കർഷകരുടെ സംഘം ഇന്ന് ഉച്ചയോടെ സമാധാനപരമായ രീതിയിൽ ഡൽഹിയിലേക്ക് മാർച്ച് ആരംഭിക്കുമെന്ന് പഞ്ചാബ് കർഷക നേതാവ് സർവാൻ സിംഗ് പന്ദേർ പറഞ്ഞു. വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിൽ നിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും, അത്തരത്തിൽ യാതൊരു സന്ദേശങ്ങളും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Advertising
Advertising

അതേസമയം കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ വൻ സുരക്ഷാ സന്നാഹമാണ് ശംഭു അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡുകളിൽ ബാരിക്കേഡുകളും ആണികളും സ്ഥാപിച്ചിട്ടുണ്ട്. ശംഭു അതിർത്തിയിയുടെ ഒരു കിലോമീറ്റർ മുൻപ് വെച്ച് മാധ്യമപ്രവർത്തകർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.

മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളൽ, കർഷകർക്ക് പെൻഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത് തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ സമരം നടത്തുന്നത്. ചർച്ചക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News