ബ്രിജ് ഭൂഷണ് തിരിച്ചടി; ​ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ലൈം​ഗികാതിക്രമക്കുറ്റം ചുമത്തി ഡൽഹി കോടതി

കുറ്റം ചുമത്താൻ മതിയായ തെളിവുകൾ കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. ‌‌

Update: 2024-05-10 14:02 GMT
Advertising

ന്യൂഡൽഹി: വനിതാ ​ഗുസ്തിതാരങ്ങളെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും ​ഗുസ്തി ഫെഡേറഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് തിരിച്ചടി. ബ്രിജ് ഭൂഷണെതിരെ ഡൽഹി കോടതി ലൈം​ഗികാതിക്രമക്കുറ്റം ചുമത്തി. അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാൾക്കെതിരെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്താൻ ഉത്തരവിട്ടത്.

കുറ്റം ചുമത്താൻ മതിയായ തെളിവുകൾ കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. ‌‌വനിതാ താരങ്ങൾ നൽകിയ ആറു കേസുകളിൽ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ആറാമത്തെ ഗുസ്തി താരത്തിന്റെ കേസിൽ ബ്രിജ് ഭൂഷണെതിരെ കുറ്റമില്ല. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.

നേരത്തെ, ഏപ്രിൽ 18ന് കേസിൽ കോടതി വിധി പറയാനിരുന്നതാണെങ്കിലും ഗുസ്തി ഫെഡറേഷൻ ഓഫീസിൽ തന്‍റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബ്രിജ് ഭൂഷൺ അപേക്ഷ സമർപ്പിച്ചതോടെ വിധി പ്രഖ്യാപനം നീളുകയായിരുന്നു. പിന്നാലെ ഏപ്രിൽ 26ന് ബ്രിജ് ഭൂഷന്റെ അപേക്ഷ കോടതി തള്ളി.

ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഐപിസി 354 (സ്ത്രീകളുടെ അന്തസ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രത്തിലുള്ളത്.

ബ്രിജ് ഭൂഷൺ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും ബാധ്യസ്ഥനാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. തങ്ങൾക്കു നേരെ അശ്ലീല ആംഗ്യവും കാണിച്ചതായി കേസിലെ സാക്ഷികൾ പറഞ്ഞതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

വനിതാ ​ഗുസ്തി താരങ്ങളുടെ പരാതിയിൽ രണ്ട് എഫ്ഐആറുകളാണ് ബ്രിജ് ഭൂഷണെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. അതിലൊന്ന് പ്രായപൂർത്തിയാവാത്ത ​ഗുസ്തി താരത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസാണ്. ഇത് റദ്ദാക്കാനുള്ള പൊലീസ് റിപ്പോർട്ട് സംബന്ധിച്ച് വിധി പറയുന്നത് ശനിയാഴ്ച കോടതി മാറ്റിവച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News