'താടിയില്ല, ഇത് ഹനീഫല്ല': കൊലപാതകിയുടെ വാദം പൊളിഞ്ഞു; നിർണായകമായത് ആ പുതിയ ക്ഷൗരപ്പാടുകൾ!
ഹനീഫിന്റെ ഭാര്യ തന്റെ ഭര്‍ത്താവ് താടിയുള്ളയാളാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ താടിയുണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ കൊല്ലപ്പെട്ടത് ഹനീഫല്ലെന്നും കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്നുമായിരുന്നു അലിയുടെ വാദം.
എഐ നിർമിത ചിത്രം
ഡൽഹി: കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ കൊലപാതകിയെന്ന് ഉറപ്പിച്ചയാളെ ഒരു കാരണവശാലും ശിക്ഷിക്കാന്‍ സാധിക്കില്ലെന്നാണ്. അതുകൊണ്ട് തന്നെ അജ്ഞാത മൃതദേഹങ്ങള്‍ ലഭിച്ചാല്‍ അയാള്‍ ആരെന്ന് കണ്ടെത്താനാണ് പൊലീസ് ആദ്യം ശ്രമിക്കുക. ഡല്‍ഹി ഹൈക്കോടതിയുടെ മുമ്പില്‍ ഈയിടെ വന്ന ഒരു കൊലക്കേസില്‍ കൊല്ലപ്പെട്ടയാള്‍ക്ക് മരിക്കുന്നതിന് മുമ്പ് താടിയുള്ളതും മരിച്ചതിന് ശേഷം താടിയില്ലാത്തതുമാണ് പ്രതിയെ ശിക്ഷിക്കുന്നതില്‍ വെല്ലുവിളിയായത്.
കൊലപാതകവും കേസും ഇങ്ങനെ...
2000 ജനുവരി രണ്ട് ഞായറാഴ്ച. ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറിലെ സിയാന ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫൈസലാബാദിലെ ഖച്ചേര വയലിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഒരു മൃതദേഹം കണ്ടെത്തി. പൊലീസ് ഉടൻ സ്ഥലത്തെത്തി. ആളെ തിരിച്ചറിയുക എന്നതായിരുന്നു ആദ്യ നടപടി. ഇതിനായി മൃതദേഹത്തിന്റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങള്‍ പൊലീസ് പകര്‍ത്തി. എന്നാൽ പല രീതിയില്‍ അന്വേഷണം നടത്തിയിട്ടും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞില്ല. ഒടുവില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മറവുചെയ്തു.
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ മരണത്തിന് മുമ്പുണ്ടായ നാല് മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി. ഈ മുറിവുകള്‍ മൂലം കോമയിലായി മരണം സംഭവിക്കുകയായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയിലെ മുറിവ് മാത്രം മതി മരണം സംഭവിക്കാനെന്നും റിപ്പോര്‍ട്ടിലുണ്ട്. മുറിവുകൾക്കെല്ലാം ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. മരിക്കുന്നതിന് മുമ്പ് കൊല്ലപ്പെട്ടയാള്‍ തന്റെ താടിരോമം വടിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഷേവ് ചെയ്തപ്പോഴുള്ള പുതിയ മുറിവുകള്‍ താടിയിലുണ്ടായിരുന്നു.
ബുലന്ദ്ഷഹറിലെ അസ്ലം എന്ന കടക്കാരന്‍ മൃതദേഹം കണ്ടെത്തിയ സമയത്ത് വയലിലെത്തിയിരുന്നു. തലേദിവസം മൂന്ന് പേരോടൊപ്പം കൊല്ലപ്പെട്ടയാളെ കണ്ടിരുന്നുവെന്നും അപ്പോള്‍ അയാള്‍ക്ക് താടിയുണ്ടായിരുന്നതായും കടക്കാരന്‍ പൊലീസിന് മൊഴി നല്‍കി.
കാണാതായ ആളുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഒടുവില്‍ ഡല്‍ഹിയില്‍ ജാക്കറ്റിന്റെ ബിസിനസ് നടത്തുന്ന മുഹമ്മദ് ഹനീഫ് എന്നയാളെ കാണാനില്ലെന്ന വിവരം ലഭിച്ചു. അന്വേഷിച്ചപ്പോള്‍ ഹനീഫിന്റെ കൂടെ ജോലി ചെയ്തിരുന്ന ഹസ്മത് അലി എന്നയാള്‍ 2000 ജനുവരി ഒന്നിന് ഹനീഫിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയതായി അറിയാന്‍ സാധിച്ചു. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ജയ്പൂരില്‍ പോകാനിരിക്കുമ്പോഴാണ് അലി കൂട്ടിക്കൊണ്ടുപോകുന്നത്. ഹനീഫ് പിന്നെ തിരിച്ചുവന്നിട്ടില്ല.
ഡല്‍ഹി പൊലീസ് അലിയെയും ഹനീഫിന്റെ മകന്‍ ഹബീബിനെയും കൂട്ടി ബുലന്ദ്ഷഹര്‍ പൊലീസ് സ്റ്റേഷനിലെത്തി. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പൊലീസ് ഹബീബിന് കാണിച്ചുകൊടുത്തു. താടിരോമം വടിച്ചിരുന്നെങ്കിലും അത് തന്റെ പിതാവാണെന്ന് ഹബീബ് തിരിച്ചറിഞ്ഞു. മൃതദേഹത്തിലുണ്ടായിരുന്ന സഫാരി സ്യൂട്ട്, ജേഴ്‌സി, സോക്‌സ്, മഞ്ഞ നിറത്തിലുള്ള പഠാനി ഷൂസുകള്‍ എന്നിവയെല്ലാം തന്റെ പിതാവിന്റേതാണെന്ന് മകന്‍ പറഞ്ഞു. അതോടെ കൊല്ലപ്പെട്ടത് ബിസിനസുകാരന്‍ മുഹമ്മദ് ഹനീഫാണെന്ന് പൊലീസ് ഉറപ്പിച്ചു. കേസില്‍ അലിയെ അറസ്റ്റുചെയ്യുകയും ചെയ്തു.
2004 മാര്‍ച്ച് 22ന് മുഹമ്മദ് ഹനീഫ് കൊലക്കേസില്‍ ഹസ്മത് അലി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തി. മാര്‍ച്ച് 25ന് കോടതി അയാള്‍ക്ക് ജീവപര്യന്തം തടവും 500 രൂപ പിഴയും വിധിച്ചു.
എന്നാല്‍ കേസ് അവിടംകൊണ്ട് അവസാനിച്ചില്ല. ഹസ്മത് അലി ഹൈക്കോടതിയില്‍ അപ്പീലിന് പോയി. കൊല്ലപ്പെട്ടയാള്‍ മുഹമ്മദ് ഹനീഫ് ആണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നായിരുന്നു അലിയുടെ വാദം. കാരണം ഹനീഫിന്റെ ഭാര്യ തന്റെ ഭര്‍ത്താവ് താടിയുള്ളയാളാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ താടിയുണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ കൊല്ലപ്പെട്ടത് ഹനീഫല്ലെന്നും അതുകൊണ്ട് ഹനീഫ് കൊലക്കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്നുമായിരുന്നു അലിയുടെ വാദം.
കേസ് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ സെപ്തംബര്‍ 25ന് വിധി പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളുന്നതായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.
മൃതദേഹത്തില്‍ താടിരോമം വടിച്ചതായി കാണപ്പെട്ടു എന്നതുകൊണ്ട് കൊല്ലപ്പെട്ടയാള്‍ മറ്റൊരാളാണെന്ന് സംശയിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മരണത്തിന് മുമ്പ് താടിരോമം വടിച്ചതിന്റെ അടയാളങ്ങളുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാന്‍ കൊലപാതകി മൃതദേഹത്തിന്റെ താടിരോമം വടിക്കാനുള്ള സാധ്യതയുണ്ടെന്ന വാദവും കോടതി അംഗീകരിച്ചു. ചിത്രങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയല്ല കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതെന്നും മറിച്ച് മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ മകന്‍ ഹബീബ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞത് ഹൈക്കോടതി ശരിവെച്ചു.
കൊലപാതകത്തിന് നേരിട്ട് ദൃസാക്ഷികളില്ലെങ്കിലും സാഹചര്യത്തെളിവുകള്‍ അലിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹനീഫിനെ അലി വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയെന്ന വീട്ടുകാരുടെ മൊഴിയും അലിയോടൊപ്പം ഹനീഫിനെ കണ്ടെന്ന ബുലന്ദ്ഷഹറിലെ അസ്ലം എന്ന കടക്കാരന്റെ മൊഴിയും കോടതി പരിഗണിച്ചു. ഹനീഫും അലിയും ഒരുമിച്ചുവന്ന് ഭക്ഷണം കഴിച്ചുമടങ്ങിയതായി ദാബ നടത്തുന്ന ഒരാളും മൊഴി നല്‍കിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഈ സാഹചര്യത്തെളിവുകള്‍ കൊലപാതകത്തിലെ അലിയുടെ പങ്ക് തെളിയിക്കാന്‍ മതിയായതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹസ്മത് അലിയുമായി മുഹമ്മദ് ഹനീഫിന് സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഹനീഫിന്റെ ഭാര്യയില്‍ നിന്നും വാങ്ങിയ 15,000 രൂപ അലി തിരിച്ചുകൊടുത്തിരുന്നില്ല. മാത്രമല്ല, ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് പല സമയത്തായി ഒരു ലക്ഷത്തോളം രൂപയും ഇയാള്‍ എടുത്തിരുന്നു. ഇതിനൊന്നും കൃത്യമായ കണക്കുണ്ടായിരുന്നില്ല. തിരിമറി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന പ്രോസിക്യൂഷന്‍ കണ്ടെത്തലും ഹൈക്കോടതി ശരിവെച്ചു.
അതേസമയം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച എല്ലാ സാഹചര്യത്തെളിവുകളും പൂര്‍ണമായും അംഗീകരിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതി നടത്തിയതായി പറയപ്പെടുന്ന കോടതിക്ക് പുറത്തുള്ള കുറ്റസമ്മതം (extra-judicial confession) വിശ്വസനീയമല്ലെന്ന് പറഞ്ഞ കോടതി അത് തെളിവായി സ്വീകരിക്കാനാകില്ലെന്നുള്ള വിചാരണക്കോടതിയുടെ കണ്ടെത്തലിനോട് യോജിച്ചു.
എന്നിരുന്നാലും മറ്റ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. കേസില്‍ പ്രതി അലിയുടെ അപ്പീല്‍ തള്ളിയ ഹൈക്കോടതി, ഇയാളുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. ബാക്കി ശിക്ഷാകാലം അനുഭവിക്കുന്നതിനായി രണ്ട് ആഴ്ചയ്ക്കകം ജയില്‍ സൂപ്രണ്ടിന് മുന്നില്‍ കീഴടങ്ങാനും അലിയോട് ഡൽഹി ഹൈക്കോടതി നിര്‍ദേശിച്ചു.