ക്രൈംബ്രാഞ്ചിന് വന്ന അജ്ഞാത കോൾ; ചുരുളഴിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് കൊലപാതകങ്ങൾ; സീരിയൽ കില്ലർ ദമ്പതികൾ പിടിയിൽ

മൃതദേഹം വലിയ വീപ്പയിലാക്കി അതില്‍ സിമന്റ് ഇട്ട് നിറച്ചു. തുടർന്ന് പറമ്പില്‍ കുഴികുഴിച്ച് വീപ്പ അതിലിട്ട് മൂടുകയായിരുന്നു

Update: 2026-10-01 12:25 GMT
Editor : Athulya | By : Athulya

അഹമ്മദാബാദ്: കഴിഞ്ഞ സെപ്തംബര്‍ മാസം ആദ്യം. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചിന് അജ്ഞാതന്റെ കോള്‍ വന്നു. 2022ല്‍ നടന്ന ഒരു കൊലപാതകത്തെക്കുറിച്ചുള്ള വിവരമായിരുന്നു അയാള്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. സൂറത്തിലെ കൊസംബയില്‍ ശാന്തബെൻ വാസവ എന്ന പ്രായമായ സ്ത്രീയെ അവരുടെ കൊച്ചുമകള്‍ ഊര്‍മിളയും കസിനായ പുരുഷനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നായിരുന്നു വിവരം. മൃതദേഹം ഇരുവരും ചേർന്ന് പറമ്പില്‍ കുഴച്ചിട്ടെന്നും അയാള്‍ പറഞ്ഞു.

അജ്ഞാതൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. ഊര്‍മിളയുടെ കസിനെ കസ്റ്റഡിയിലെടുത്തു. അയാളെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും ശാന്തബെൻ വാസവയുടെ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുള്ളതായി പൊലീസിന് തോന്നിയില്ല. ലഭ്യമായ വസ്തുതകളും അയാളെ പ്രതിയാക്കാന്‍ പോന്നതായിരുന്നില്ല. കസിന് കൊലപാതകത്തില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ വിവരം തന്ന അജ്ഞാതനെ കേന്ദ്രീകരിച്ചായി പൊലീസ് അന്വേഷണം. 

Advertising
Advertising

മാധവദാസ് ഭക്തിറാം സാധു എന്നായിരുന്നു ആ അജ്ഞാതന്റെ പേര്. ഇയാള്‍ ഊര്‍മിളയുടെ ഭര്‍ത്താവായിരുന്നു. മാധവദാസും ഊര്‍മിളയും എട്ട് മാസമായി വേര്‍പിരിഞ്ഞാണ് താമസം. എട്ട് മാസം മുമ്പ് വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണവും എടുത്ത് മകനോടൊപ്പം ഇറങ്ങിപ്പോയതാണ് ഊർമിള. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് ഭാര്യ കൊലപാതകിയാണെന്ന് പറഞ്ഞ് മാധവദാസ് ക്രൈംബ്രാഞ്ചിനെ വിളിച്ചത്.

പൊലീസ് മാധവദാസിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പുറത്തുവന്നതാകട്ടെ ഒന്നല്ല, മൂന്ന് കൊലപാതകത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. 

2022ല്‍ ഊര്‍മിളയുടെ മുത്തശ്ശി ശാന്തബെൻ  വാസവ കൊല്ലപ്പെട്ടു എന്നത് സത്യമായിരുന്നു. എന്നാല്‍ അവര്‍ മാത്രമായിരുന്നില്ല കൊല്ലപ്പെട്ടത്. ഊര്‍മിളയുടെ സഹോദരി ഭഗവതി കമലേഷ് വാസവ, മാധവദാസിന്റെ അമ്മ മഞ്ജുള ഭക്തിറാം സാധു എന്നിവരും കൊല്ലപ്പെട്ടിരുന്നു. കൊലപാതകം നടത്തിയതാകട്ടെ ഊര്‍മിളയും മാധവദാസും ചേര്‍ന്ന്.

ഇരുവരും ആദ്യം കൊലപ്പെടുത്തിയത് മാധവദാസിന്റെ അമ്മയെ തന്നെയായിരുന്നു. ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു മഞ്ജുള ഭക്തിറാം സാധു. ഇവരെ നോക്കേണ്ട ചുമതല മകനും മരുമകള്‍ക്കുമായിരുന്നു. കിടപ്പിലായ അമ്മയെ പരിചരിക്കാന്‍ പറ്റാത്തതുകൊണ്ട് ഇരുവരും ചേര്‍ന്ന് അവരെ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.

രണ്ടാമത് കൊലപ്പെടുത്തിയത് ഊര്‍മിളയുടെ സഹോദരി ഭഗവതിബെന്‍ കമലേഷ്ഭായ് വാസവയെയാണ്. ക്ഷയരോഗിയായ ഇവര്‍ സഹോദരി ഊര്‍മിളയ്ക്കും ഭര്‍ത്താവിനുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. പണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും കുടുംബസ്വത്തും കരസ്ഥമാക്കാനായിരുന്നു ഭഗവതിയെ ദമ്പതികള്‍ കൊലപ്പെടുത്തിയത്. മഞ്ജുളയെ കൊന്നതുപോലെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം. ശേഷം മൃതദേഹം പറമ്പില്‍ കുഴിച്ചുമൂടുകയും ചെയ്തു.

തുടര്‍ന്ന് മുഴുവന്‍ സ്വത്തിന്റെയും അവകാശം സ്വന്തമാക്കാനായി മുത്തശ്ശി ശാന്തബെന്നിനെയും കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം വലിയ വീപ്പയിലാക്കി അതില്‍ സിമന്റ് ഇട്ട് നിറച്ചു. തുടർന്ന് പറമ്പില്‍ വലിയ കുഴികുഴിച്ച് വീപ്പ അതിലിട്ട് മൂടുകയായിരുന്നു.

മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുറ്റാരോപിതരായ രണ്ട് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 



 


Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Athulya

contributor

Similar News