1,870 കോടിയുടെ സംഭാവന തട്ടിപ്പ്; ഗുജറാത്തിൽ മൂന്ന് പാർട്ടികൾക്കെതിരെ കേസ്

ഭാരതീയ നാഷണൽ ജനതാ ദൾ, സ്വതന്ത്രതാ അഭിവ്യക്തി പാർട്ടി, ഗരീബ് കല്യാൺ പാർട്ടി എന്നിവയ്ക്കും ഇവയുടെ പ്രധാന ഭാരവാഹികൾക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കുമെതിരെയാണ് കേസെടുത്തത്

Update: 2026-10-01 13:12 GMT

ഗാന്ധിനഗർ: വ്യാജ സംഭാവനകളുടെ മറവിൽ വൻ നികുതിവെട്ടിപ്പ് നടത്തിയ ഗുജറാത്തിലെ മൂന്ന് രാഷ്ട്രീയ പാർട്ടികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആദായനികുതി വകുപ്പ് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ സിഐഡി ക്രൈം വിഭാഗമാണ് മൂന്ന് വ്യത്യസ്ത എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. ഏകദേശം 1,870 കോടി രൂപയുടെ വ്യാജ സംഭാവനകൾ കാണിച്ച് ഖജനാവിന് 560 കോടിയിലധികം രൂപയുടെ നികുതി നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ.

ഭാരതീയ നാഷണൽ ജനതാ ദൾ, സ്വതന്ത്രതാ അഭിവ്യക്തി പാർട്ടി, ഗരീബ് കല്യാൺ പാർട്ടി എന്നിവയ്ക്കും ഇവയുടെ പ്രധാന ഭാരവാഹികൾക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കുമെതിരെയാണ് വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഒരു വർഷത്തിലേറെ നീണ്ട വിശദമായ പരിശോധനകൾക്ക് ശേഷമാണ് ആദായനികുതി വകുപ്പ് പൊലീസിൽ പരാതി നൽകിയത്.

Advertising
Advertising

പ്രവർത്തന രീതി ഇങ്ങനെ

ആദായനികുതി നിയമത്തിലെ സെക്ഷൻ 80GGC പ്രകാരം അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾക്ക് 100 ശതമാനം നികുതിയിളവ് ലഭിക്കും. ഈ ആനുകൂല്യം ചൂഷണം ചെയ്തായിരുന്നു തട്ടിപ്പ്. ചെക്കുകളിലൂടെയോ ആർടിജിഎസ് വഴിയോ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുകയും അവർക്ക് രസീതുകൾ നൽകുകയും ചെയ്യും.

തുടർന്ന് ഈ തുക ഷെൽ കമ്പനികളിലേക്ക് വകമാറ്റും. ഭക്ഷ്യധാന്യങ്ങളും മറ്റ് സാധനങ്ങളും വാങ്ങിയതായി വ്യാജ ബില്ലുകൾ ഉണ്ടാക്കിയ ശേഷം പണം പണമായി പിൻവലിക്കും. തുടർന്ന് രണ്ട് മുതൽ 10 ശതമാനം വരെ കമ്മീഷൻ ഈടാക്കി ബാക്കി തുക നികുതിദായകർക്ക് തിരികെ നൽകുന്നതായിരുന്നു രീതി. രാഷ്ട്രീയ പ്രവർത്തനങ്ങളൊന്നുമില്ലാത്ത ഈ പാർട്ടികളെ പണം വെളുപ്പിക്കാനും കമ്മീഷൻ നേടാനുമുള്ള മാർഗമായി മാത്രമാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

വൻതട്ടിപ്പ് ഭാരതീയ നാഷണൽ ജനതാ ദളിലൂടെ

ഏറ്റവും വലിയ തട്ടിപ്പ് നടത്തിയത് ഭാരതീയ നാഷണൽ ജനതാ ദൾ ആണ്. 56,238 പേരിൽ നിന്നായി 1,143.85 കോടി രൂപയുടെ സംഭാവന കൈപ്പറ്റിയതിലൂടെ സർക്കാരിന് 343 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായി എഫ്ഐആറിൽ പറയുന്നു. പാർട്ടിയുടെ സ്ഥാപകനും പ്രധാന പ്രതിയുമായ സുരേന്ദ്രകുമാർ വിഷ്ണുഭായ് ഗജേര, ജനറൽ സെക്രട്ടറി വിപുൽ സോളങ്കി, ട്രഷറർ റോണക്‌സിസിങ് ചാവ്ദ, ചാർട്ടേഡ് അക്കൗണ്ടന്റ് ആദിൽ സയ്യിദ് എന്നിവർക്കെതിരെയാണ് കേസ്.

സ്വതന്ത്രതാ അഭിവ്യക്തി പാർട്ടി 519 കോടി രൂപ സമാഹരിച്ച് 155 കോടിയുടെ നഷ്ടമുണ്ടാക്കി. മെഹുൽ കുമാർ മഹേഷ് കുമാർ ഖത്രി, സുരേന്ദ്രസിങ് തിവാരി, സിഎ മുകുന്ദഭായ് രത്തോഡ് എന്നിവരാണ് ഈ കേസിലെ പ്രതികൾ. ഗരീബ് കല്യാൺ പാർട്ടി 206.76 കോടി രൂപ സമാഹരിച്ച് ഖജനാവിന് 62 കോടിയുടെ നഷ്ടമുണ്ടാക്കിയതായും വ്യക്തമായിട്ടുണ്ട്. നീരജ് കുമാർ ക്ഷത്രിയ, ധനഞ്ജയ് സിങ് രജപുത്, കുൽദീപ് ചന്ദൻ തപാരിയ അടക്കമുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെയും കേസെടുത്തു.

2017 മുതൽ ഗുജറാത്തിലെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഈ മൂന്ന് പാർട്ടികളും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. എന്നാൽ മത്സരിച്ച ഒരു സ്ഥാനാർഥിക്ക് പോലും കെട്ടിവെച്ച തുക തിരിച്ചുപിടിക്കാനായില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ വ്യക്തമാക്കുന്നു. ആകെ പോൾ ചെയ്ത വോട്ടുകളുടെ ആറിലൊന്ന് (16.67 ശതമാനം) നേടാൻ കഴിയാതെ വളരെ തുച്ഛമായ വോട്ടുകളാണ് ഇവർക്ക് ലഭിച്ചത്.

വ്യാജരേഖകൾ തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സംഭാവന റിപ്പോർട്ടുകളിലും കൃത്രിമം കാട്ടിയിട്ടുണ്ട്. പ്രതികളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പ്രതികളുടെ ഓഫീസുകളിലും വസതികളിലും വിശദമായ പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News