'ഫഡ്‌നാവിസ് മുഖ്യമന്ത്രിയല്ല, ചിപ്പ് മന്ത്രിയാണ്'; രാഹുലിന്‍റെ തലച്ചോറ് മോഷ്ടിക്കപ്പെട്ടുവെന്ന പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ്

കമ്മീഷന്‍റെ നിക്ഷിപ്ത താൽപര്യങ്ങൾ വെളിപ്പെടുത്താൻ സാധ്യതയുള്ള ഒരു അഴിമതി രാഹുൽ ഗാന്ധി തുറന്നുകാട്ടി, അതാണ് ഫഡ്‌നാവിസിനെ അസ്വസ്ഥനാക്കുന്നത്

Update: 2025-08-09 04:39 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 'തലച്ചോറ് മോഷ്ടിക്കപ്പെട്ടു'എന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കോൺഗ്രസ്. ഫഡ്നാവിസ് മുഖ്യമന്ത്രിയല്ല ചിപ്പ് മന്ത്രിയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. മഹാരാഷ്ട്രയിലടക്കം വോട്ടെടുപ്പിൽ തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്രിമം കാട്ടിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ പരിഹസിച്ചായിരുന്നു ഫഡ്നാവിസിന്‍റെ പ്രസ്താവന.

"രാഹുൽ ഗാന്ധിയുടെ തലച്ചോറ് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു. ഒന്നുകിൽ അദ്ദേഹത്തിന്‍റെ തലച്ചോറ് മോഷ്ടിക്കപ്പെട്ടിരിക്കാം അല്ലെങ്കിൽ തലച്ചോറിൽ നിന്ന് ഒരു ചിപ്പ് നഷ്ടപ്പെട്ടിരിക്കാം, അതുകൊണ്ടാണ് അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തുന്നത്" എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞത്. "ഗാന്ധിക്കെതിരെ ഫഡ്‌നാവിസ് ഉപയോഗിച്ച ഭാഷ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു, അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏജന്‍റാണോ, അവുടെ അഭിഭാഷകനാണോ, അതോ വക്താവാണോ?" എന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഹർഷവർധൻ സപ്കൽ ചോദിച്ചു. "ആരെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യുമ്പോഴെല്ലാം ബിജെപിയും ഫഡ്‌നാവിസും ഇത്രയധികം പ്രകോപിതരാകുന്നത് എന്തുകൊണ്ടാണ്? അമിത് ഷായും ഫഡ്‌നാവിസും അതിനെ പ്രതിരോധിക്കാൻ തിടുക്കം കൂട്ടുന്നത് എന്തുകൊണ്ടാണ്? എന്തോ സംശയാസ്പദമാണെന്ന് മാത്രമല്ല, എല്ലാം ചീഞ്ഞളിഞ്ഞിരിക്കുന്നു. രാഹുൽ ഗാന്ധി ഒരു അഴിമതി തുറന്നുകാട്ടി. കമ്മീഷന്‍റെ നിക്ഷിപ്ത താൽപര്യങ്ങൾ വെളിപ്പെടുത്താൻ സാധ്യതയുള്ള ഒരു അഴിമതി രാഹുൽ ഗാന്ധി തുറന്നുകാട്ടി, അതാണ് ഫഡ്‌നാവിസിനെ അസ്വസ്ഥനാക്കുന്നത്, ”ചൂണ്ടിക്കാട്ടി.

Advertising
Advertising

വോട്ടെടുപ്പിനിടെ കോൺഗ്രസ് എതിർപ്പുകൾ ഉന്നയിച്ചില്ലെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയായി, വോട്ടെടുപ്പിനിടയിലും ശേഷവും കോൺഗ്രസ് ആശങ്കകൾ ഉന്നയിച്ചിരുന്നുവെന്ന് സപ്കൽ വ്യക്തമാക്കി.പരാജയപ്പെട്ട സ്ഥാനാർത്ഥികൾ ഹൈക്കോടതിയിൽ ഹരജികൾ പോലും ഫയൽ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് തട്ടിപ്പിന്‍റെ തെളിവുകളും അന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നു. “ഇത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ച് ആളുകളെ ആശയക്കുഴപ്പത്തിലാക്കാൻ മാത്രമാണ് ബിജെപി ശ്രമിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും നേരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് സപ്കൽ പറഞ്ഞു. “വലിയ തോതിലുള്ള വോട്ടിംഗ് ക്രമക്കേടുകൾ തുറന്നുകാട്ടുന്ന യുക്തിസഹവും ബോധ്യപ്പെടുത്തുന്നതുമായ ഒരു കേസ് രാഹുൽ ഗാന്ധി അവതരിപ്പിച്ചു, ഇത് ജനാധിപത്യം എങ്ങനെ ശ്വാസം മുട്ടിക്കപ്പെടുന്നുവെന്ന് കാണിക്കുന്നു. ഈ തെരഞ്ഞെടുപ്പ് തട്ടിപ്പിന്‍റെ വ്യക്തമായ തെളിവുകൾ കണക്കിലെടുക്കുമ്പോൾ, സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചോ സുപ്രിം കോടതി ജഡ്ജിമാരുടെ അന്വേഷണത്തിന് ഉത്തരവിട്ടോ ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കണമായിരുന്നു.എന്നിരുന്നാലും, കേന്ദ്ര സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ നടപടിയെടുക്കാൻ ധൈര്യം കാണിച്ചില്ല. പകരം, അവർ രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു, അത് പരിഹാസ്യമായ ഒരു മറുപടിയായിരുന്നു'' സപ്കൽ ചൂണ്ടിക്കാട്ടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News