ധർമസ്ഥല കേസ്: എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ അമിത് ഷായെ കണ്ടു

മതസ്ഥാപനങ്ങൾക്കെതിരായ തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമാണത്തിനുള്ള പദ്ധതികളും ഷാ സൂചിപ്പിച്ചതായി രാജശേഖരാനന്ദ സ്വാമി പറഞ്ഞു

Update: 2025-09-04 15:18 GMT

മംഗളൂരു: ധർമസ്ഥല കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സന്യാസിമാർ അമിത് ഷായെ കണ്ടു. 'സനാതൻ സന്ത് നിയോഗ' എന്ന പേരിൽ കർണാടകയിൽ നിന്നുള്ള വിവിധ മഠാധിപതികളാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും ഷാ ഉറപ്പ് നൽകിയതായും സംഘത്തെ നയിച്ച രാജശേഖരാനന്ദ സ്വാമി പറഞ്ഞു.

"ധർമസ്ഥലയിലെ കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഞങ്ങൾ അറിയിച്ചു. എൻഐഎ അന്വേഷണം സംബന്ധിച്ച അദ്ദേഹത്തിന്റെ ഉറപ്പിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇന്ത്യക്കകത്തും പുറത്തും നല്ല ബന്ധമുള്ള ചില നിക്ഷിപ്ത താത്പര്യക്കാർ ഹിന്ദു വിശ്വാസങ്ങളുടെയും മതങ്ങളുടെയും ക്ഷേത്രങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കാൻ ഭക്തർക്കിടയിൽ അരക്ഷിതാവസ്ഥയും ഭയവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു വലിയ തന്ത്രത്തെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു"- സ്വാമി പറഞ്ഞു.

Advertising
Advertising

മതസ്ഥാപനങ്ങൾക്കെതിരായ തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമാണത്തിനുള്ള പദ്ധതികളും ഷാ സൂചിപ്പിച്ചതായി സ്വാമി അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബർമാർക്ക് വിദേശ ധനസഹായം ലഭിച്ചുവെന്ന അവകാശവാദങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണെന്ന് അമിത് ഷാ പറഞ്ഞുവെന്നും സ്വാമി പറഞ്ഞു.

അതേസമയം ധർമസ്ഥല കേസിൽ എൻ‌ഐ‌എ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി.പരമേശ്വര പറഞ്ഞു. സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപവത്കരിച്ച് മുന്നോട്ട് പോവുകയാണ്. അന്വേഷണം ഏറ്റെടുക്കുകയാണെങ്കിൽ അതിന്റെ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും പരമേശ്വര ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News