ഐഎഎസ് രാജിവെച്ച് ദിവ്യ മിത്തൽ യുപി രാഷ്ട്രീയത്തിലേക്ക്; ലക്ഷ്യമിട്ട് കോൺഗ്രസും എസ്പിയും

ഇപ്പോൾ ഒരു പാർട്ടിയിലേക്കുമില്ലെന്ന് ദിവ്യ വ്യക്തമാക്കിയിരുന്നു

Update: 2026-10-03 05:33 GMT

ലഖ്നൗ: സിവിൽ സർവീസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയ പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാനില്ലെന്നും ജനങ്ങൾക്കൊപ്പം നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാനാണ് താൽപ്പര്യമെന്നും അവർ വ്യക്തമാക്കി. അതേസമയം, 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ദിവ്യ മിത്തലിനെ ഒപ്പം നിർത്താൻ കോൺഗ്രസും സമാജ്വാദി പാർട്ടിയും നീക്കങ്ങൾ സജീവമാക്കിയതായാണ് വിവരം.

യുപി കേഡറിലെ 2013 ബാച്ച് ഉദ്യോഗസ്ഥയായ ദിവ്യ മിത്തൽ, 13 വർഷത്തെ ഔദ്യോഗിക സേവനത്തിനൊടുവിൽ ആഗസ്റ്റ് 30-നാണ് ഐഎഎസ് രാജിവെച്ചത്. രാജിക്ക് പിന്നാലെ ഇവരുടെ അടുത്ത നീക്കം എന്തെന്നതിനെച്ചൊല്ലി വലിയ ചർച്ചകൾ ഉടലെടുത്തിരുന്നു. രാഹുൽ ഗാന്ധിയുമായി ദിവ്യ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും അവർ കോൺഗ്രസിൽ ചേരുമെന്നും ആരോപിച്ച് ബിജെപി വക്താവ് പ്രശാന്ത് ഉംറാവു എക്‌സിൽ കുറിപ്പ് പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. കൂടാതെ രാജാ ഭയ്യയുടെ ജനസത്താ ദൾ ലോക്താന്ത്രിക് പാർട്ടിയുടെ പോസ്റ്ററിലും ഇവരുടെ ചിത്രം ഇടംപിടിച്ചത് അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു.

Advertising
Advertising

അതേസമയം സെപ്റ്റംബർ 29 ചൊവ്വാഴ്ച സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് 42-കാരിയായ ദിവ്യ മിത്തൽ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി്. ''കഴിഞ്ഞ മാസം ഞാൻ സർവീസിൽ നിന്ന് രാജിവെച്ചത് ഒട്ടേറെ ചോദ്യങ്ങൾ ബാക്കിവെച്ചുകൊണ്ടായിരുന്നു. ഇതൊരു വലിയ തീരുമാനമാണ്, അതിനുള്ള ധൈര്യം സംഭരിക്കുകയായിരുന്നു ഞാൻ. അടുത്തത് എന്ത് എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിലേക്ക് എന്നാണ് ഉത്തരം'' - അവർ പറഞ്ഞു.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിക്കീഴിലല്ല തന്റെ രാഷ്ട്രീയ പ്രവർത്തനമെന്ന് ഹരിയാന സ്വദേശിയായ ദിവ്യ മിത്തൽ വ്യക്തമാക്കി. സ്വന്തം കർമഭൂമിയായ ഉത്തർപ്രദേശിൽ നിന്നാണ് രാഷ്ട്രീയ യാത്ര തുടങ്ങുന്നത്. ഒരു പാർട്ടിക്കൊപ്പമല്ല, ജനങ്ങൾക്കൊപ്പമുള്ള രാഷ്ട്രീയമാണ് ലക്ഷ്യം. സർക്കാർ ഓഫീസുകളിൽ ശബ്ദമെത്താത്ത സാധാരണക്കാരുടെ പ്രതിനിധിയായി നേരിട്ട് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ഭരണരംഗത്തെ അനുഭവങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അവർ വ്യക്തമാക്കി. തനിക്കൊപ്പം അണിനിരക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു വാട്സ്ആപ്പ് നമ്പറും അവർ പങ്കുവെച്ചിട്ടുണ്ട്.

നിലവിൽ സ്വന്തം നിലയ്ക്കാണ് തുടക്കമെങ്കിലും, രാഷ്ട്രീയ സഖ്യസമവാക്യങ്ങൾ രൂപപ്പെടുന്ന ഉത്തർപ്രദേശിൽ ഇവർ സ്വീകരിക്കുന്ന നിലപാട് കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും നിർണായകമാണ്. പാർട്ടികളുടെ ചട്ടക്കൂടിന് പുറത്ത് എത്രത്തോളം മുന്നോട്ടുപോകുമെന്നതിനെ ആശ്രയിച്ചായിരിക്കും ദിവ്യ മിത്തലിന്റെ രാഷ്ട്രീയ ഭാവിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News