Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചെന്നൈ: തമിഴ്‌നാട്ടിൽ യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എംഡിക്ക് പഠിക്കുകയായിരുന്ന ഡോ. ജോഷ്വ സാംരാജിനെയാണ് കൊടൈക്കനാലിനടുത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈയിലെ വനപ്രദേശത്ത് കാർ പാർക്ക് ചെയ്ത നിലയിൽ കണ്ടതോടെ നാട്ടുകാർ പൊലീസിനെ വിവിരം അറിയിക്കുകയായിരുന്നു.
കാറിനുള്ളിൽ വെച്ച് ഡോക്ടർ സ്വയം ഐവി ഫ്ലൂയിഡ് കുത്തിവച്ച് മരിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. വാഹനത്തിൽ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ ഡോക്ടർ തന്റെ കുടുംബത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. പക്ഷേ ആരെയും കുറ്റപ്പെടുത്തുകയോ കാരണം പറയുകയോ ചെയ്തിട്ടില്ല.
ഡോക്ടർ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. അതേസമയം ഡോക്ടർ കടക്കെണിയിലായിരുന്നുവെന്ന് സൂചനയുള്ളതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ കുറിപ്പിൽ മരണ കാരണം വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.