'മോദിയാണോ അംബേദ്കറെക്കാൾ വലുത്?; ബിജെപിക്കെതിരെ അതിഷി
മുഖ്യമന്ത്രിയുടെ ഓഫീസില്‍ അംബേദ്കറുടെ ഛായാചിത്രം പുനഃസ്ഥാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അതിഷി
ന്യൂഡല്‍ഹി: ബി.ആര്‍ അംബേദ്കറുടെ പൈതൃകത്തെ ബിജെപി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് എഎപി നേതാവും ഡല്‍ഹി പ്രതിപക്ഷ നേതാവുമായ അതിഷി.
ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ്, അസംബ്ലി തുടങ്ങി പ്രധാന സർക്കാർ ഓഫീസുകളിൽ നിന്ന് ബി.ആര്‍ അംബേദ്കറുടെ ഛായാചിത്രങ്ങള്‍ മാറ്റി പകരം മോദിയുടെ ചിത്രം വെക്കുകയാണെന്ന് അതിഷി ആരോപിച്ചു. മോദിയെ അംബേദ്കറിനേക്കാൾ വലിയ ആളായി ബിജെപി കണക്കാക്കുന്നുണ്ടോയെന്നും അതിഷി ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി.ആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിന്റെയും ഛായാചിത്രങ്ങള്‍ ബിജെപി മാറ്റിയെന്ന് ആരോപിച്ച് എഎപി സഭയിൽ ശക്തമായ പ്രതിഷേധമാണ് ഇന്ന്( ചൊവ്വ) സംഘടിപ്പിച്ചത്.
ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം വെച്ചു. പിന്നാലെ അതിഷി ഉൾപ്പെടെ 12 എഎപി എംഎൽമാരെ മാർഷൽമാരെ വിളിച്ച് സഭയിൽ നിന്ന് പുറത്താക്കി. ഒരു ദിവസത്തേക്കാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. പിന്നാലെ പുറത്താക്കിയ എംഎൽഎമാർ നിയമസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അംബേദ്കറുടെ ഛായാചിത്രങ്ങളുമായാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട എഎപി എംഎൽഎമാർ അസംബ്ലി വളപ്പിൽ പ്രതിഷേധിച്ചത്. ബാബാസാഹെബിനോടുള്ള അപമാനം ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യങ്ങളും എംഎല്‍എമാര്‍ ഉയർത്തി. അതേസമയം അംബേദ്കറുടെ ഛായാചിത്രം പുനഃസ്ഥാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് അതിഷി വ്യക്തമാക്കി.