ഡൽഹി: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ഇൻഡക്ഷൻ അടുപ്പുകളാണ് അടുക്കള കീഴടക്കിയിരിക്കുന്നത്.ഗ്യാസ് അടുപ്പിനേക്കാൾ വേഗത്തിൽ പാചകം ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇൻഡക്ഷൻ കുക്ക്ടോപ്പുകളുടെ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അടുപ്പുകൾ വാങ്ങുന്ന ഉപഭോക്താക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സർക്കാര്‍ മുന്നറിയിപ്പ് നൽകി. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും വാങ്ങുന്നതിന് മുൻപ് നിർബന്ധമായും സിആർഎസ് മാർക്ക് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സർക്കാർ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു.
എന്താണ് സിആര്‍എസ് മാര്‍ക്ക്?
ഇൻഡക്ഷൻ അടുപ്പുകൾ വാങ്ങുമ്പോൾ നമ്മൾ പലപ്പോഴും വിലയും ബ്രാൻഡും മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. എന്നാൽ അതിനേക്കാൾ പ്രാധാന്യമുള്ള ഒന്നാണ് സിആര്‍എസ് മാർക്ക്. ഇത് വെറുമൊരു അടയാളമല്ല, മറിച്ച് നിങ്ങളുടെ സുരക്ഷയുടെ ഉറപ്പാണ്
ഇന്ത്യയിൽ വിൽക്കപ്പെടുന്ന എല്ലാ ഇൻഡക്ഷൻ കുക്ക്ടോപ്പുകൾക്കും സിആര്‍എസ് (Compulsory Registration Scheme) മാർക്ക് നിർബന്ധമാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) പുറത്തിറക്കുന്ന ഈ സുരക്ഷാ മുദ്ര, ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഒന്നാണ്.
"ബുദ്ധിപൂർവ്വം പാചകം ചെയ്യൂ, സുരക്ഷിതമായിരിക്കൂ" എന്ന സന്ദേശത്തോടൊപ്പമാണ് സർക്കാർ ഈ ബോധവൽക്കരണം നൽകിയിരിക്കുന്നത്. വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ചൈനീസ് ഉൽപന്നങ്ങൾക്കും പ്രാദേശിക ബ്രാൻഡുകൾക്കും പലപ്പോഴും ഇത്തരം സുരക്ഷാ മാർക്കുകൾ ഉണ്ടാകാറില്ല. അതിനാൽ ഉപഭോക്താക്കൾ സ്വന്തം സുരക്ഷ മുൻനിർത്തി ബിഐഎസ് അംഗീകാരമുള്ള സിആർഎസ് മാർക്കുള്ള ഉൽപന്നങ്ങൾ മാത്രം തെരഞ്ഞെടുക്കുക.
എന്തുകൊണ്ട് സിആര്‍എസ് മാര്‍ക്കുള്ള ഇൻഡക്ഷൻ അടുപ്പുകൾ തെരഞ്ഞെടുക്കണം
ഇൻഡക്ഷൻ അടുപ്പുകൾ വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയായതിനാൽ ഷോക്ക് ഏൽക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ സിആര്‍എസ് മാർക്കുള്ള ഉപകരണങ്ങളിൽ മികച്ച രീതിയിലുള്ള ഇൻസുലേഷൻ ഉറപ്പുവരുത്തുന്നുണ്ട്. അബദ്ധവശാൽ നനഞ്ഞ കൈകൊണ്ട് അടുപ്പിൽ തൊട്ടാൽ പോലും വൈദ്യുതാഘാതം ഏൽക്കാത്ത രീതിയിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്.
പ്രാദേശികമായി നിർമിക്കുന്ന ഗുണനിലവാരമില്ലാത്ത ഇൻഡക്ഷൻ അടുപ്പുകൾ പെട്ടെന്ന് ചൂടാകാനും തീപിടുത്തമുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ സിആര്‍എസ് മാർക്കുള്ളവയിൽ 'ഓട്ടോ കട്ട് ഓഫ്' ഫീച്ചർ നിർബന്ധമാണ്. ഉപകരണം നിശ്ചിത താപനിലയിൽ കൂടുതൽ ചൂടായാൽ ഇത് തനിയെ പ്രവർത്തനം നിർത്തുന്നു. ഇത് വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പല അടുപ്പുകളിലും ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകാറില്ല. അതിനാൽ, ഒരു ഇൻഡക്ഷൻ അടുപ്പ് വാങ്ങുന്നതിന് മുൻപ് അതിൽ ബിഐഎസ് ലോഗോയും സിആര്‍എസ് രജിസ്ട്രേഷൻ നമ്പറും ഉണ്ടെന്ന് ഉറപ്പുവരുത്തുക.