ഉദ്ധവിന്റെ വീടിന് മുകളിൽ ഡ്രോൺ: ചോദ്യങ്ങളുമായി ആദിത്യ താക്കറെ
ഡ്രോണ്‍ വട്ടമിട്ട് പറക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഉദ്ധവ് താക്കറെ Photo-PTI
മുംബൈ: ശിവസേന (യുബിടി) അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീയുടെ മുകളില്‍ ഡ്രോണ്‍.
പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ഉദ്ധവ് വിഭാഗം ശിവസേന രംഗത്ത് എത്തി. ഡ്രോണ്‍ വട്ടമിട്ട് പറക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്നലെ രാവിയാണ് സംഭവം.
എന്നാൽ, മുംബൈ മെട്രോപൊളിറ്റൻ റീജൺ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) യുടെ അനുമതിയോടെ നടക്കുന്ന സർവേയുടെ ഭാഗമായിരുന്നു ഡ്രോൺ നിരീക്ഷണമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണർ മനീഷ് കൽവാനിയ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെയും രംഗത്ത് എത്തി. മുംബൈ മെട്രോപൊളിറ്റൻ റീജൺ ഡെവലപ്മെന്റ് അതോറിറ്റിയുടെ വാദം ശരിയാണെങ്കില്‍ ചില സംശയളുണ്ടെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ആദിത്യ താക്കറെ വ്യക്തമാക്കി.
വീടുകൾക്കുള്ളിൽ എത്തിനോക്കാനും കണ്ടാൽ പെട്ടെന്ന് പുറത്തേക്ക് പറക്കാനും ഏത് സർവേയാണ് നിങ്ങളെ അനുവദിക്കുന്നതെന്ന് ആദിത്യ താക്കറെ ചോദിച്ചു.
ഇത്തരത്തില്‍ ഡ്രോണ്‍ പറത്തുമ്പോള്‍ എന്തുകൊണ്ടാണാണ് അവിടെ താമസിക്കുന്നവരെ അറിയിക്കാത്തത്. എവിടെയൊക്കെയാണ് ഡ്രോണ്‍ പറത്തി സര്‍വേ നടത്തിയത്, അതിന് അനുമതിയുണ്ടായിരുന്നോ, ഇനി പൊലീസ് അനുമതി നൽകിയിരുന്നെങ്കിൽ, എന്തുകൊണ്ടാണ് താമസക്കാരെ അറിയിക്കാതിരുന്നത്? അദ്ദേഹം ചോദിച്ചു.