പ്രശാന്ത് കിഷോറിന് രണ്ട് സംസ്ഥാനങ്ങിൽ വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു
മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് പ്രശാന്ത് കിഷോറിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജൻ സുരാജ് പാർട്ടിയുടെ നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്.
പശ്ചിമ ബംഗാൾ, ബിഹാർ എന്നീ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലാണ് പ്രശാന്ത് കിഷോറിന്റെ പേരുള്ളത്. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തന്റെ കാരണം കൊണ്ടല്ല, മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബംഗാളിൽ, മുഖ്യമന്ത്രി മമത ബാനർജിയുടെ നിയമസഭാ മണ്ഡലമായ ഭബാനിപൂരിലെ തൃണമൂൽ കോൺഗ്രസ് ഓഫീസ് സ്ഥിതി ചെയ്യുന്ന 121 കാളിഘട്ട് റോഡ് എന്ന വിലാസത്തിലാണ് അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിലുള്ളത്. ബി റാണിശങ്കരി ലെയ്‌നിലെ സെന്റ് ഹെലൻ സ്‌കൂൾ എന്നാണ് അദ്ദേഹത്തിന്റെ പോളിങ് സ്റ്റേഷൻ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബിഹാറിൽ കർഗഹാർ നിയമസഭാ മണ്ഡലത്തിലെ സസാറാം പാർലമെന്റ് മണ്ഡലത്തിന് കീഴിലും അദ്ദേഹത്തിന് വോട്ടുണ്ട്. റോഹ്താസ് ജില്ലയുടെ കീഴിലുള്ള കോനാറിലെ മധ്യ വിദ്യാലയമാണ് പോളിങ് സ്റ്റേഷനായി രേഖപ്പെടുത്തിയിരിക്കുന്നത്. കിഷോറിന്റെ അച്ഛന്റെ നാടാണ് കോനാർ.
1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 17 പ്രകാരം, ഒരാൾക്ക് ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടറായി പേര് ചേർക്കാൻ കഴിയില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നത് സെക്ഷൻ 31 പ്രകാരം ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയമാകുന്നതാണ്. ഇക്കാര്യം പ്രശാന്തിന് അയച്ച കാരണംകാണിക്കല്‍ നോട്ടീസിലും പറയുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കിഷോറിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.