ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസ്; യുവരാജ് സിങ്, റോബിൻ ഉത്തപ്പ എന്നിവരുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
നടി നേഹ ശർമ്മ, മോഡൽ ഉർവശി റൗട്ടേലയുടെയും ബംഗാളി നടൻ അങ്കുഷ് ഹസ്രയുടെയും അമ്മ, മിമി ചക്രവർത്തി എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി
ന്യൂഡൽഹി: ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസില്‍ യുവരാജ് സിങ്, റോബിൻ ഉത്തപ്പ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 7.93 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് ഫെഡറൽ അന്വേഷണ ഏജൻസിയുടെ താൽക്കാലിക ഉത്തരവ്. നടി നേഹ ശർമ്മ, മോഡൽ ഉർവശി റൗട്ടേലയുടെയും ബംഗാളി നടൻ അങ്കുഷ് ഹസ്രയുടെയും അമ്മ, മിമി ചക്രവർത്തി എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി.
1xBet പ്ലാറ്റ്‌ഫോമിന്റെ നടത്തിപ്പുകാർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത നിരവധി കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. 1xBet ഉം അതിന്റെ പകര ബ്രാൻഡായ 1xBat, 1xbat സ്‌പോർട്ടിംഗ് ലൈനുകളും ഇന്ത്യയിലുടനീളം നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയെന്നാണ് വിവരം. മുൻ പാർലമെന്റ് അംഗം കൂടിയാണ് ശ്രീമതി ചക്രവർത്തി. ഒക്ടോബർ 06ന് മുൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്‌ന എന്നിവരുടെ 11.14 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടിയിരുന്നു. 1xBet ഇന്ത്യയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ, ഓൺലൈൻ വീഡിയോകൾ, പ്രിന്റ് മീഡിയ എന്നിവയിലൂടെ ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്നതിനായി സറോഗേറ്റ് ബ്രാൻഡിംഗും പരസ്യങ്ങളും ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു.