Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇഡി റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച തൃണമൂല്‍ എംഎല്‍എയെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടി. ബുര്‍വാന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ജിബന്‍ കൃഷ്ണ സാഹയാണ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്.
ബംഗാളിലെ സ്‌കൂള്‍ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ് നടന്നത്. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്.
ഇഡി റെയ്ഡിന് എത്തിയതറിഞ്ഞ ജിബന്‍ കൃഷ്ണ സാഹ വീട്ടുവളപ്പില്‍ നിന്ന് മതില്‍ ചാടിക്കടന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഓടിരക്ഷപ്പെടുന്നതിനിടെ കൈവശമുണ്ടായിരുന്ന ഫോണുകള്‍ ഇയാൾ വീട്ടുവളപ്പിലെ കുളത്തിലേക്ക് എറിഞ്ഞിരുന്നു. ഈ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ കുളത്തില്‍ നിന്ന് വീണ്ടെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
ജിബന്‍ കൃഷ്ണ സാഹയുടെ മുര്‍ഷിദാബാദിലെയും ഇയാളുടെ ഭാര്യയുടെ ബന്ധുക്കളുടെ കൈവശമുള്ള രഘുനാഥ്ഗഞ്ചിലെയും സ്വത്തുവകകളിലാണ് ഇഡി റെയ്ഡ് നടത്തിയത്. 2023 ഏപ്രിലില്‍ ഇതേ വിഷയത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജിബന്‍ കൃഷ്ണ സാഹ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് മെയില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി. ജിബന്‍ കൃഷ്ണ സാഹയെ കൊല്‍ക്കത്തിയിലെത്തിച്ച് ഇഡി കോടതിയില്‍ ഹാജരാക്കും.