'നേട്ടമുണ്ടായത് സഖ്യകക്ഷികൾക്ക്, അസ്വാഭാവിക മുന്നണിയിൽ നിന്ന് ശിവസേന പുറത്തുവരണം'; ട്വീറ്റുമായി ഏക്‌നാഥ് ഷിൻഡേ

ഏതെങ്കിലും വിമത എം.എൽ.എ. പറഞ്ഞാൽ രാജിവെക്കാൻ തയ്യാറാണെന്നാണ് ഉദ്ധവ് വൈകിട്ട് നടത്തിയ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു

Update: 2022-06-22 16:12 GMT
Advertising

മുംബൈ: പാർട്ടിയുടെയും ശിവസൈനികരുടെയും നിലനിൽപ്പിന് അസ്വാഭാവിക മുന്നണിയിൽ നിന്ന് പുറത്തുവരേണ്ടത് അത്യാവശ്യമാണെന്നും മഹാരാഷ്ട്രയുടെ താൽപര്യം മുൻനിർത്തിയാണ് ഇപ്പോൾ തീരുമാനങ്ങൾ എടുക്കേണ്ടതെന്നും വിമത ശിവസേനാ നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡേ. ശിവസേനയിലെ വിമത നീക്കം മഹാ വികാസ് അഗാഡി (എം.വി.എ.) യെന്ന എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യത്തിന്റെ ഭരണം നഷ്ടപ്പെടുത്തുന്ന ഘട്ടത്തിലെത്തിയിരിക്കേയാണ് ട്വിറ്ററിൽ ഷിൻഡേയുടെ പ്രതികരണം.


കഴിഞ്ഞ രണ്ടര വർഷത്തിനിടെ എം.വി.എ. ഘടകകക്ഷികൾ മാത്രമാണ് സഖ്യ സർക്കാർ വഴി നേട്ടമുണ്ടാക്കിയതെന്നും ഘടകകക്ഷികൾ കൂടുതൽ ശക്തമാകുമ്പോൾ, ശിവസൈനികർ - ശിവസേന ആസൂത്രിതമായി പണയപ്പെടുത്തപ്പെടുകയാണെന്നും ഷിൻഡേ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആരോപിച്ചു. അതേസമയം, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ 'വർഷ'യിൽ നിന്ന് മടങ്ങാനുള്ള തയാറെടുപ്പുകൾ തുടങ്ങി. സ്വന്തം വസതിയായ മാതോശ്രീയിലേക്ക് അൽപസമയത്തിനകം മടങ്ങും.



ഭരണ പ്രതിസന്ധി പരിഹരിക്കാൻ ശിവസേനയുടെ അവസാനവട്ട ശ്രമവും പാളിയിരുന്നു. അന്ത്യശാസനവുമായി അഞ്ച് മണിക്ക് ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യോഗത്തിനില്ലെന്ന് ഏകനാഥ് ഷിൻഡേ വ്യക്തമാക്കിയതോടെ യോഗം ഉപേക്ഷിച്ചു. അതേസമയം 46 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് ഷിൻഡേ അവകാശപ്പെട്ടു. ഇതോടെ മുഖ്യമന്ത്രിപദത്തിൽ തുടരരുതെന്ന് ഏതെങ്കിലും വിമത എം.എൽ.എ. പറഞ്ഞാൽ രാജിവെക്കാൻ തയ്യാറാണെന്നാണ് ഉദ്ധവ് വൈകിട്ട് നടത്തിയ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു. 


ഇടഞ്ഞ് നിൽക്കുന്ന ഏകനാഥ് ഷിൻഡയെ എങ്ങനെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ ശരദ് പവാറും ഉദ്ധവ് താക്കറെയും തമ്മിൽ ചർച്ച ചെയ്തിരുന്നതായി സൂചനയുണ്ട്. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നുവെന്നും റിപ്പോർട്ടുണ്ട്.

നേരത്തെ അന്ത്യ ശാസനവുമായി ഉദ്ധവ് താക്കറെയുടെ ദൂതന്മാർ ഗുവാഹത്തിയിലെത്തിയിരുന്നു. നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി, സച്ചിൻ ആഹർ എന്നിവർ ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എത്തി വിമതരെ കണ്ട് യോഗത്തിനെത്തിയില്ലെങ്കിൽ അയോഗ്യരാക്കുമെന്ന കാര്യം നേരിട്ടറിയിച്ചത്. മന്ത്രിസഭ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി ആദിത്യ താക്കറെ ട്വിറ്ററിൽ നിന്നും ടൂറിസം മന്ത്രി എന്ന പദവി നീക്കം ചെയ്തിട്ടുണ്ട്.

Eknath Shinde said it was necessary to get out of the unnatural front 'maha vikas agadi'

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News