സ്പീക്കർ തെരഞ്ഞെടുപ്പ്; ഇൻഡ്യാ മുന്നണിയുമായി ചർച്ച നടത്തിയിട്ടില്ല: തൃണമൂൽ കോൺഗ്രസ്

കൊടിക്കുന്നിൽ സുരേഷിനെ പിന്തുണച്ചവരുടെ പട്ടികയിൽ തൃണമൂൽ ഉണ്ടായിരുന്നില്ല

Update: 2024-06-25 12:25 GMT

ഡൽഹി: ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇൻഡ്യാ മുന്നണിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് തൃണമുൽ കോൺഗ്രസ്. പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണിയുടെ സ്ഥാനാർഥിയായി കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ അദ്ദേഹത്തെ പിന്തുണച്ചവരുടെ പട്ടികയിൽ തൃണമൂൽ കോൺഗ്രസ് ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇൻഡ്യാ മുന്നണിയിൽ നിന്നും ആരും തങ്ങളെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു തൃണമൂൽ എം.പി അഭിഷേക് ബാനർജിയുടെ മറുപടി. വിഷയത്തിൽ പാർട്ടിയുടെ മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി തീരുമാനമെടുക്കുമെന്നും അദ്ധേഹം പറഞ്ഞു.

Advertising
Advertising

ഇന്ന് രാവിലെയാണ് സുരേഷ് പത്രിക നൽകിയത്. ഓം ബിർളയാണ് എൻഡിഎയുടെ സ്ഥാനാർഥി. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്. 

മത്സരമൊഴിവാക്കണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകണമെന്നായിരുന്നു പ്രതിപക്ഷം മുന്നോട്ടു വച്ച ആവശ്യം. ഇതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പ്രതിപക്ഷം മത്സരത്തിനിറങ്ങുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. മത്സരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വിളിച്ചെങ്കിലും ചർച്ചയിൽ സമവായമുണ്ടായില്ല. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകണമെന്ന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു ഖാർഗെ. എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുമെന്നായിരുന്നു ഇൻഡ്യാ മുന്നണിയുടെ നിലപാട്.

സഭയിലെ മുതിർന്ന അംഗത്തിനെയാണ് പ്രോടേം സ്പീക്കറായി പരിഗണിക്കുക എന്നിരിക്കെ ഈ പദവി കൊടിക്കുന്നിലിന് നിഷേധിച്ചതാണ് അദ്ദേഹത്തെ തന്നെ സ്പീക്കർ സ്ഥാനാർഥിയാക്കാനുള്ള ഇൻഡ്യാ മുന്നണിയുടെ നീക്കത്തിന് പിന്നിൽ. എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ പ്രോടേം സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ വലിയ വിവാദം ഉടലെടുത്തിരുന്നു. കൊടിക്കുന്നിൽ ദലിതനായതിനാൽ മനപ്പൂർവം തഴഞ്ഞതാണെന്നാണ് കോൺഗ്രസിന്റെ വാദം. അർഹമായ പരിഗണന കിട്ടാത്ത സാഹചര്യമുണ്ടായതോടെ ഇതിന് മറുപടിയെന്നോണം തന്നെയാണ് സ്പീക്കർ സ്ഥാനത്തേക്ക് കൊടിക്കുന്നിലിനെ മത്സരിപ്പിച്ച് ഇൻഡ്യാ മുന്നണിയുടെ നീക്കം.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News