തമിഴ് ഉപഭോക്താവിനോട് ഹിന്ദി പഠിച്ചുവരാൻ ജീവനക്കാരന്റെ ഉപദേശം; വിശദീകരണവുമായി സൊമാറ്റോ

ഭാഷാവൈവിധ്യങ്ങളോടുള്ള കമ്പനിയുടെ നിലപാടല്ല കസ്റ്റമർ കെയറിലെ ജീവനക്കാരൻ പറഞ്ഞതെന്ന് ഔദ്യോഗിക വിശദീകരണക്കുറിപ്പിൽ സൊമാറ്റോ പ്രതികരിച്ചു. ഉടൻ സൊമാറ്റോയുടെ തമിഴ് പതിപ്പ് പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു

Update: 2021-10-19 11:14 GMT
Editor : Shaheer | By : Web Desk

പരാതിയുമായെത്തിയ തമിഴ് ഉപഭോക്താവിനോട് ഹിന്ദി പഠിച്ചുവരാൻ പറഞ്ഞ കസ്റ്റമർ കെയർ ജീവനക്കാരനെ പുറത്താക്കിയതിനു പിറകെ പ്രതികരണവുമായി സൊമാറ്റോ. ജീവനക്കാരന്റെ പരാമർശം തങ്ങളുടെ നിലപാടല്ലെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനി വ്യക്തമാക്കി. തമിഴിലും ഇംഗ്ലീഷിലും വിശദീകരണക്കുറിപ്പിറക്കിയാണ് സമൂഹമാധ്യമങ്ങളിൽ ആളിക്കത്തുന്ന പ്രതിഷേധം അണയ്ക്കാൻ കമ്പനിയുടെ നീക്കം.

തമിഴ്‌നാട്ടിൽനിന്നുള്ള വികാശ് എന്ന ഉപഭോക്താവാണ് സോമാറ്റോ വഴി കഴിഞ്ഞ ദിവസം ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ, സാധനം കൈയിൽകിട്ടിയപ്പോൾ ഒരു ഇനത്തിന്‍റെ കുറവുണ്ടായിരുന്നു. തുടർന്ന് പണം തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് വികാശ് കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു. എന്നാൽ, ഹിന്ദി അറിയാത്തതുകാരണം റീഫണ്ട് ചെയ്യാനാകില്ലെന്നായിരുന്നു കസ്റ്റമർ കെയറിൽനിന്ന് ലഭിച്ച മറുപടി. ഇന്ത്യക്കാരനായതുകൊണ്ടു തന്നെ ഹിന്ദി പഠിച്ചിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നും അതുകൊണ്ടു തന്നെ എല്ലാവരും ഭാഷ അറിഞ്ഞിരിക്കേണ്ടതാണെന്നും കസ്റ്റമർ കെയർ വ്യക്തമാക്കി.

Advertising
Advertising

ഇക്കാര്യം സൂചിപ്പിച്ച് സ്‌ക്രീൻഷോട്ടുകളടക്കം വികാശ് ട്വീറ്റ് ചെയ്തതോടെ വിഷയം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. സൊമാറ്റോ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡായി. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെയും ഹിന്ദിയെ ദേശീയഭാഷയായി തെറ്റായി അവതരിപ്പിക്കുന്നതിനെതിരെയും പ്രതിഷേധമുയർന്നു. Reject_Zomato, HindiIsNotNationalLanguage, stopHindiImposition, aHindi_Theriyathu_Poda തുടങ്ങിയ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ഏറെനേരം ട്രെൻഡായി.

ഇതിനുപിറകെയാണ് ജീവനക്കാരനെ പുറത്താക്കി സൊമാറ്റോ വിശദീകരണക്കുറിപ്പിറക്കിയത്. 'വണക്കം തമിഴ്‌നാട്' എന്ന അഭിസംബോധനയോടെയായിരുന്നു സൊമാറ്റോയുടെ ഔദ്യോഗിക പ്രസ്താവന. ഭാഷാവൈവിധ്യങ്ങളോടുള്ള കമ്പനിയുടെ നിലപാടല്ല കസ്റ്റമർ കെയർ ജീവനക്കാരന്‍ പറഞ്ഞതെന്ന് കുറിപ്പിൽ വിശദീകരിച്ചു. ഉടൻ തന്നെ സൊമാറ്റോയുടെ തമിഴ് പതിപ്പ് പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ, പിന്നീട് ജീവനക്കാരനെ പിരിച്ചുവിട്ട നടപടി കമ്പനി പിൻവലിച്ചു. ഒരാളെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ മാത്രമുള്ള കാരണമല്ല ഇതെന്നായിരുന്നു സൊമാറ്റോ സഹസ്ഥാപകൻ ദീപിന്ദർ ഗോയലിന്റെ വിശദീകരണം. അജ്ഞതമൂലമുള്ള തെറ്റായിരുന്നു അതെന്നും രാജ്യത്തെ സഹിഷ്ണുത ഇനിയും കൂടുതൽ ഉയരാനുണ്ടെന്നും ദീപിന്ദർ കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News