Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ജമ്മു കശ്‌മീരിൽ ലഫ്. ഗവർണർ 25 പുസ്‌തകം നിരോധിച്ച നടപടിയിൽ പ്രതിഷേധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. അമിതാധികാര പ്രയോഗത്തിന്റെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണത്തിന്റെയും മറ്റൊരു ഉദാഹരണമാണ് ഈ നടപടിയെന്ന് സിപിഎം അഭിപ്രായപ്പെട്ടു.
ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി നിലകൊള്ളുന്ന ലഫ്. ഗവർണർ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കുകയാണ്. കശ്‌മീരിന്റെ ചരിത്രവും നിലവിലെ പ്രശ്‌നത്തിന്റെ അടിവേരുകളും പ്രതിപാദിക്കുന്ന 25 പുസ്‌തകമാണ് വിഘടനവാദത്തെയും ഭീകരവാദത്തെയും സഹായിക്കുന്നുവെന്ന പേരിൽ നിരോധിച്ചതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
നിരോധനം അടിയന്തരമായി പിൻവലിക്കണം. ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി ഉൾപ്പടെ ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണകാര്യങ്ങളിൽ പൂർണ അധികാരം നൽകണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.