Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ച ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച ലോഞ്ച് ചെയ്യും. വാര്‍ഷിക ടോള്‍ ചെലവ് 10,000 ല്‍ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചത്. ഹൈവേകളില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കാനാനും കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാന്‍ ഈ നീക്കം സഹായിക്കും. അതുവഴി ഗതാഗതം സുഗമമാക്കാനും യാത്രാ സമയം കുറയ്ക്കാനും സാധിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി പറഞ്ഞു. ടോള്‍ പ്ലാസകളുടെ 60 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരുടെ ടോളുമായി ബന്ധപ്പെട്ട് പരാതികളും യാത്രാതടസ്സവും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വാര്‍ഷിക പാസ് കൊണ്ടുവരുന്നത്.
'ഫാസ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസിന്റെ വില 3,000 ആണ്. 3,000 ഉപയോഗിച്ച്, യാത്രക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ 200 ടോള്‍ പ്ലാസ കടക്കാന്‍ കഴിയും. നേരത്തെ, ഇതിന് ഏകദേശം 10,000 രൂപ ചെലവാകുമായിരുന്നു,'- ഗഡ്കരി പറഞ്ഞു.
പദ്ധതി പ്രകാരം ഒരു യാത്രയ്ക്ക് ശരാശരി 15 രൂപ മാത്രമായിരിക്കും ചെലവ്. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ പാസ് ബാധകമാകൂ. വാണിജ്യ ആവശ്യങ്ങള്‍ക്ക് ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.
ശരാശരി ടോള്‍ ചെലവ് 50 ല്‍ നിന്ന് 15 ആയി കുറയുന്നതിനാല്‍, സാധാരണ ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 7,000 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നത്.
നിലവിലുള്ള ഒരു ഫാസ്ടാഗില്‍ വാര്‍ഷിക പാസ് ആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വരും. ശരിയായി രീതിയില്‍ കൃത്യമായ ഒരു വാഹന രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍വാര്‍ഷിക പാസ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. , ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ മാത്രമാണ് ആക്ടിവേറ്റാവുകയുള്ളൂ. 'ആക്ടിവേഷനും പുതുക്കലിനും വേണ്ടിയുള്ള ഒരു ലിങ്ക് ഉടന്‍ തന്നെ രാജ്മാര്‍ഗ് യാത്ര ആപ്പിലും
NHAI/MoRTH എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കും,'- ഗഡ്കരി എക്‌സില്‍ പറഞ്ഞു.
നാഷണല്‍ ഹൈവേ, എക്‌സ്പ്രസ് വേ ടോള്‍ പ്ലാസകളില്‍ മാത്രമാണ് വാര്‍ഷിക പാസിന് സാധുതയുള്ളൂ. സംസ്ഥാന ഹൈവേകള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സാധാരണനിലയില്‍ പ്രവര്‍ത്തിക്കും. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ടോള്‍ നിരക്കുകള്‍ എത്രയാണോ അത് ബാധകമാകും.
വാര്‍ഷിക പാസ് 200 യാത്രകള്‍ക്കോ ഒരു വര്‍ഷത്തിനോ സാധുതയുള്ളതാണ്. ഏതാണ് ആദ്യം തീരുന്നത് അതിനുസരിച്ചാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പരിധി തീര്‍ന്നുകഴിഞ്ഞാല്‍, ഒരു വര്‍ഷം ആയില്ലെങ്കിലും ഉപയോക്താക്കള്‍ക്ക് പുതിയ വാര്‍ഷിക പാസ് വീണ്ടും വാങ്ങാം. നിലവിലുള്ള പാസ്ടാഗുമായി ലിങ്ക് ചെയ്ത് വാര്‍ഷിക പാസ് സ്വന്തമാക്കാം.
വാര്‍ഷിക പാസ് ആവശ്യമെങ്കില്‍ മാത്രം എടുത്താല്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. വാര്‍ഷിക പാസ് സ്‌കീമില്‍ ചേരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ച് പതിവുപോലെ ടോള്‍ അടയ്ക്കുന്നത് തുടരാം.