'ഹേമന്ത് സോറൻ ഫാ. സ്റ്റാൻ സ്വാമിയെ പോലെ പീഡിപ്പിക്കപ്പെടുന്നു'; ആരോപണവുമായി കുടുംബം

'ഇന്ന് ഓരോ ജാർഖണ്ഡുകാരനും ഹേമന്ത് സോറന് അനുകൂലമായി നിൽക്കേണ്ടതുണ്ട്'.

Update: 2024-06-07 07:37 GMT

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ജയിലിൽ കഴിയവെ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ ഫാ. സ്റ്റാൻ സ്വാമിയെ പോലെ പീഡിപ്പിക്കപ്പെടുകയാണെന്ന് കുടുംബം. ഹേമന്ത് സോറന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭാര്യ കൽപന സോറനാണ് ആശങ്കയറിയിച്ച് രം​ഗത്തെത്തിയത്.

ആദിവാസികളുടെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച അതേ പീഡനമാണ് ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും നേരിടുന്നതെന്ന് ജെഎംഎം നേതാവിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ കുറിപ്പിൽ പറയുന്നു. ഇന്ന് ഓരോ ജാർഖണ്ഡുകാരനും ഹേമന്ത് സോറന് അനുകൂലമായി നിൽക്കേണ്ടതുണ്ട്. അല്ലെങ്കിൽ ജാർഖണ്ഡിനെ മറ്റൊരു മണിപ്പൂർ ആക്കാനുള്ള ശ്രമം അവർ അവസാനിപ്പിക്കില്ലെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

84കാരനായ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ അവസ്ഥ ഇന്ത്യയുടെ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും മേൽ വീണ ഒരു കറുത്ത പാടാണ്. പതിറ്റാണ്ടുകളായി ആദിവാസികളുടെ അവകാശങ്ങൾക്കായി വാദിക്കുകയും പോരാടുകയും ചെയ്ത ഫാദർ സ്റ്റാൻ സ്വാമിക്ക് പാർക്കിൻസൺസ് രോഗവും പ്രായാധിക്യവും ഉണ്ടായിരുന്നിട്ടും ബിജെപി സർക്കാർ ചുമത്തിയ വ്യാജ തീവ്രവാദ ആരോപണങ്ങളാൽ അദ്ദേഹത്തിന് ജാമ്യവും ചികിത്സയും നിഷേധിക്കപ്പെട്ടു. 25 പൈസയുടെ സ്ട്രോ പോലും വെള്ളം കുടിക്കാൻ നൽകിയില്ല'- പോസ്റ്റിൽ പറയുന്നു.

'എതിർ ശബ്ദങ്ങളെയും ആദിവാസികളേയും അടിച്ചമർത്തുകയും തീവ്രവാദ ചാപ്പ കുത്തി മനുഷ്യാവകാശ പ്രവർത്തനങ്ങളെ ക്രിമിനൽ കുറ്റമാക്കുകയും ചെയ്യുന്ന ബിജെപി നയത്തിൻ്റെ ഉദാഹരണമാണ് അദ്ദേഹത്തിൻ്റെ മരണമെന്നും പോസ്റ്റിൽ വിശദമാക്കുന്നു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ​ഹേമന്ത് സോറന് മെയ് 17ന് സുപ്രിംകോടതി ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. കള്ളപ്പണക്കേസിൽ ജനുവരിയിലാണ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ സോറൻ നൽകിയ ഹരജി മെയ് മാസമാദ്യം ജാർഖണ്ഡ് ഹൈക്കോടതിയും തള്ളിയിരുന്നു.

വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭീമ കൊറേഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്ന വൈദികനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമി (84) 2021 ജൂലൈ അഞ്ചിനാണ് അന്തരിച്ചത്. സ്റ്റാൻ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ്​ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്തത്.

2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപക്കേസിൽ ഗൂഢാലോചന ആരോപിച്ചായിരുന്നു അറസ്റ്റ്​. നാഡീവ്യൂഹത്തെ ബാധിക്കുന്ന പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന്​ പരാതി ഉയർന്നിരുന്നു. കൈവിറയൽ ഉള്ളതിനാൽ വെള്ളം കുടിക്കാൻ സ്ട്രോ അനുവദിക്കണമെന്ന സ്റ്റാൻ സാമിയുടെ അപേക്ഷ പോലും എൻഐഎയുടെ എതിർപ്പിനെ തുടർന്ന് പരി​ഗണിക്കുന്നത് കോടതി വൈകിച്ചു.

നില വഷളായതിനെ തുടർന്ന് ഒടുവിൽ ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹം മുംബൈ ഹോളി ഫെയ്​ത്ത്​ ഹോസ്​പിറ്റലിൽ വച്ചാണ്​ മരിച്ചത്​. അഞ്ച് പതിറ്റാണ്ട് ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച ആളാണ് സ്റ്റാൻ സ്വാമി. ജസ്യൂട്ട് സഭയിൽപെട്ട അദ്ദേഹം മറ്റ് മന്യഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകതാ പരിഷത്തിന്‍റെ യോഗത്തിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്നും അതിൽ സ്റ്റാൻ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എൻ.ഐ.എയുടെ ആരോപണം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News