പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത ഇന്ത്യന്‍ ആപ്പുകള്‍ തിരികെ എത്തിച്ച് ഗൂഗിള്‍

ആപ്പുകള്‍ നീക്കം ചെയ്തതിനെ തുടർന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി യോഗം നടത്തി.

Update: 2024-03-03 05:57 GMT
Advertising

ഡല്‍ഹി: പെയ്‌മെന്റ് ഫീസ് ലംഘനത്തിന്റെ പേരില്‍ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ആപ്പുകൾ പുനഃസ്ഥാപിച്ച് ഗൂഗിൾ. നൗക്രി, ഷാദി, 99 ഏക്കര്‍ തുടങ്ങിയ ഇന്ത്യന്‍ ഡെവലപ്പര്‍മാരുടെ ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന്  നീക്കം ചെയ്തിരുന്നു. ആപ്പുകള്‍ നയങ്ങള്‍ പാലിച്ച ശേഷമാണ് കമ്പനി അവയില്‍ പലതും പുനഃസ്ഥാപിച്ചത്. 

കൂടാതെ കേന്ദ്രസര്‍ക്കാരും  വിഷയത്തില്‍ ഇടപെട്ടിരുന്നു. ആപ്പുകള്‍ നീക്കം ചെയ്തതിനെ തുടർന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി യോഗം നടത്തി.

'അവരുടെ നടപടിക്ക് ശേഷം ഞാന്‍ വെള്ളിയാഴ്ച ഗൂഗിളിനോട് സംസാരിക്കുകയും ഇതുപോലുള്ള ആപ്പുകള്‍ ഡീലിറ്റ് ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ ചില ആപ്പുകള്‍ തിരികെ അനുവദിക്കാന്‍ തുടങ്ങി. തിങ്കളാഴ്ച ഈ വിഷയത്തില്‍ ഗൂഗിളുമായും സ്റ്റാര്‍ട്ടപ്പുകളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തും.' കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ആപ്പുകള്‍ നീക്കം ചെയ്ത ഗൂഗിളിന്റ നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം നേരിട്ട ശേഷമാണ് ഗൂഗിളിന്റെ നീക്കത്തോടുള്ള സര്‍ക്കാരിന്റെ എതിര്‍പ്പ്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന്റെ നീക്കത്തെ അപലപിക്കുകയും ഡിലീറ്റ് ചെയ്ത ആപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ചില കമ്പനികള്‍ നിയമനടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ഗൂഗിളിനെതിരെ ആധിപത്യ ദുരുപയോഗം ആരോപിച്ച് ഫെയര്‍പ്ലേ റെഗുലേറ്റര്‍ സി.സി.ഐയെ സമീപിച്ചേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

കമ്പനിയുടെ പല ആപ്പുകളും ഗൂഗിള്‍ പ്ലേയില്‍ തിരിച്ചെത്തിയതായി നൗക്രി, 99 ഏക്കര്‍ ആപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഫോ എഡ്ജിലെ സഞ്ജീവ് ബിഖ്ചന്ദാനി എക്സില്‍ കുറിച്ചു. പീപ്പിള്‍സ് ഗ്രൂപ്പിന്റെ ശാദിയും തിരിച്ചെത്തിയിട്ടുണ്ട്. വൈകാതെ മറ്റ് ആപ്പുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ നടപടികള്‍ക്ക് പിന്നാലെ മാട്രിമോണി ഡോട്ട് കോമിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News