'ശിക്ഷാവിധിക്ക് നന്ദി'; അണ്ണാ സർവകലാശാല ബലാത്സംഗ കേസിലെ വിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിൻ

പ്രതി ജ്ഞാനശേഖറിന് ജീവപര്യന്തം തടവാണ് ചെന്നൈ വനിതാ കോടതി വിധിച്ചത്

Update: 2025-06-02 10:03 GMT
Editor : നബിൽ ഐ.വി | By : Web Desk

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസിലെ ശിക്ഷാവിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കേസന്വേഷണം കൃത്യമായി നടത്തിയ പൊലീസിനെയും വനിതാ കോടതിയെയും സ്റ്റാലിൻ പ്രശംസിച്ചു. ഒരു പെൺകുട്ടി നേരിട്ട ദുരനുഭവത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിച്ച ചുരുക്കം ചിലരുടെ ആഴത്തിലുള്ള ശ്രമങ്ങൾ ഇപ്പോൾ പൂർണ്ണമായും തകർന്നെന്ന് സ്റ്റാലിൻ പറഞ്ഞു.

സ്ത്രീ സുരക്ഷയെക്കുറിച്ച് കരുതലുള്ളവരാണെന്ന് നടിക്കുന്നവർക്കെതിരെ നടപടികളിലൂടെ തമിഴ്‌നാട് പൊലീസ് പ്രതികരിച്ചിട്ടുണ്ട്. ചെന്നൈ വിദ്യാർത്ഥിനി ഉൾപ്പെട്ട കേസ് നീതിപൂർവ്വവും വേഗത്തിലും കൈകാര്യം ചെയ്ത രീതിയെ ഹൈക്കോടതി തന്നെ അഭിനന്ദിച്ചു. വെറും അഞ്ച് മാസത്തിനുള്ളിൽ കേസന്വേഷണം പൂർത്തിയാക്കാൻ സാധിക്കുകയും കുറ്റവാളിക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്തെന്ന് സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Advertising
Advertising

പ്രതി ജ്ഞാനശേഖറിന് ജീവപര്യന്തം തടവാണ് ചെന്നൈ വനിതാ കോടതി വിധിച്ചത്. കുറ്റവാളി കുറഞ്ഞത് 30 വർഷമെങ്കിലും ജയിലിൽ കഴിയണമെന്നും, 90,000 രൂപ പിഴയും കോടതി വിധിച്ചു. ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ ചുമത്തിയിട്ടുള്ള 11 കുറ്റങ്ങളിലും ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.

2024 ഡിസംബർ 23ന് രാത്രി എട്ടിനാണ് അണ്ണാ സർവകലാശാല ക്യാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ക്രൂരപീഡനത്തിന് ഇരയായത്. ക്യാമ്പസിൽ ആൺ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ജ്ഞാനശേഖരൻ പീഡനത്തിനിരയാക്കുകയായിരുന്നു.

പീഡനത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ പെൺകുട്ടി സർവകലാശാല അധികൃതർക്കും പൊലീസിനും പരാതി നൽകി. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ക്യാംപസിന് സമീപം ബിരിയാണി വിൽക്കുന്നയാളാണ് ജ്ഞാനശേഖരൻ. ഇതിനിടെ, കോട്ടൂർപുരത്തെ ജ്ഞാനശേഖരന്റെ വീട് സർക്കാർ ഭൂമി കയ്യേറി നിർമിച്ചതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഒരു ഭാഗം കോർപറേഷൻ പൊളിച്ചുനീക്കി. ഡിസംബറിൽ നടന്ന സംഭവത്തിൽ ഫെബ്രുവരി 24നാണു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയായി.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News