'ഇത് ഹിന്ദു രാഷ്ട്രമാണ്,ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാൻ പാടില്ല'; ഒഡിഷയിൽ സാന്താ തൊപ്പികൾ വിറ്റതിന് കച്ചവടക്കാര്‍ക്ക് ഭീഷണി
ഒരു കൂട്ടം പുരുഷന്മാർ കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്
ഭുവനേശ്വര്‍: ഒഡിഷയിൽ സാന്താ തൊപ്പികൾ വിറ്റതിന് തെരുവ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഒരു സംഘം.ഒരു കൂട്ടം പുരുഷന്മാർ കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാൾ വെളുത്ത കാറിൽ നിന്ന് ഇറങ്ങി വരുന്നതും കച്ചവടക്കാരോട് എവിടെ നിന്നാണ് വരുന്നതെന്നും അവരുടെ മതം എന്താണെന്നും ചോദിക്കുന്നതും വീഡിയോയിൽ കാണാം.''ഇത് ഹിന്ദു രാഷ്ട്രമാണ്. ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ ഞങ്ങൾ അനുവദിക്കില്ല'' എന്നായിരുന്നു ഭീഷണി. ഭഗവാൻ ജഗന്നാഥന്‍റെ നാട്ടിൽ സാന്താ തൊപ്പികൾ വിൽക്കാൻ അനുവദിക്കില്ലെന്നായിരുന്നു സംഘം പറഞ്ഞത്.
സാന്താ തൊപ്പികൾ വിൽക്കുന്നതിനെ അവർ ശക്തമായി എതിർത്തെങ്കിലും ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാൻ അധികാരികളിൽ നിന്ന് അനുമതി കത്തുകൾ വാങ്ങണമെന്ന് അയാൾ ഒരു വിൽപ്പനക്കാരനോട് പറയുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് തൊപ്പികൾ വിൽക്കുന്നതെന്ന് കച്ചവടക്കാർ അവരോട് പറഞ്ഞതോടെ ഭീഷണി ശക്തമായി. സാധനങ്ങൾ പായ്ക്ക് ചെയ്ത് പോകണമെന്നും വിൽപന തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ജഗന്നാഥ ഭഗവാനുമായി ബന്ധപ്പെട്ട വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പുരുഷന്മാർ കച്ചവടക്കാരോട് പറഞ്ഞു.
''നിങ്ങൾ ദരിദ്രനാണെങ്കിൽ, ഭഗവാൻ ജഗന്നാഥനുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുക. ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട വസ്തുക്കളൊന്നും ഇവിടെ അനുവദനീയമല്ല'' എന്ന് മറ്റൊരാൾ പറയുന്നുണ്ട്. മറ്റ് തെരുവ് കച്ചവടക്കാരോടും സമാനരീതിയിലാണ് സംഘം പെരുമാറിയത്. ''ഹിന്ദുവായതിനാൽ നിങ്ങൾക്ക് എങ്ങനെ ഇവ വിൽക്കാൻ കഴിയും? ഇത് അനുവദിക്കില്ല'' എന്നും ഭീഷണി മുഴക്കി.
ഡിസംബര്‍ മാസമായാൽ ക്രിസ്മസ് തൊപ്പികൾ, ലൈറ്റുകൾ,ക്രിസ്മസ് ട്രീകൾ എന്നിവ വിൽക്കുന്നത് ഇന്ത്യൻ നഗരങ്ങളിലെ വളരെ സാധാരണമായൊരു കാഴ്ചയാണ്.
അതിനിടെ ഡൽഹി ലജ്പത് നഗറിൽ തീവ്രഹിന്ദുത്വ സംഘടനകൾ ക്രിസ്മസ് കരോൾ തടഞ്ഞ സംഭവമുണ്ടായി. തിങ്കളാഴ്ചയാണ് ബജ്റംഗ്‍ദൾ പ്രവര്‍ത്തകര്‍ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചത്. കൂടാതെ മതപരിവര്‍ത്തനം ആരോപിച്ച് പ്രദേശം വിട്ടുപോകാൻ നിര്‍ബന്ധിച്ചതായും കാത്തലിക് കണക്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയിൽ സാന്താക്ലോസ് ധരിച്ച സ്ത്രീകളെയും കുട്ടികളെയും കാണാം. ബജ്റംഗ്‍ദൾ പ്രവര്‍ത്തകര്‍ ഇവരെ സമീപിച്ച് സാന്താ തൊപ്പികൾ ധരിച്ച് ആളുകളുമായി ഇടപഴകുന്നത് മറ്റുള്ളവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമമാണെന്നും അത്തരം പ്രവർത്തനങ്ങൾ പൊതുസ്ഥലത്ത് നടത്തരുതെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.