​ഗുജറാത്തിൽ പോളിങ് ബൂത്ത് കൈയേറി ഇവിഎം പിടിച്ചെടുത്തും കള്ളവോട്ട് ചെയ്തും ബിജെപി എം.പിയുടെ മകൻ; എല്ലാം ലൈവ്

പോളിങ് ബൂത്ത് ഉദ്യോ​ഗസ്ഥരെ ഇയാൾ അധിക്ഷേപിക്കുകയും ചെയ്തു.

Update: 2024-05-08 10:01 GMT

അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ​ഗുജറാത്തിൽ പോളിങ് ബൂത്ത് കൈയേറി ഇവിഎം പിടിച്ചെടുത്ത് കള്ളവോട്ട് ചെയ്തും സംഭവം സോഷ്യൽമീഡിയയിലൂടെ ലൈവിട്ടും ബിജെപി എം.പിയുടെ മകൻ. ഗുജറാത്തിലെ ദാഹോദ് മണ്ഡലത്തിലെ ബിജെപി എംപിയായ ജസ്വന്ത്സിങ് ഭാഭോറിന്റെ മകൻ വിജയ് ഭാഭോർ ആണ് ഇവിഎം കൈക്കലാക്കി കള്ളവോട്ട് ചെയ്തത്. ദാഹോദിലെ സാന്ത്രാപൂർ താലൂക്കിലെ പർഥംപൂർ ​ഗ്രാമത്തിലാണ് സംഭവം.

വിജയ് ഭാഭോറും കൂട്ടാളികളും കൂടിയാണ് ബൂത്തിലേക്ക് അതിക്രമിച്ചുകയറിയത്. ബൂത്തിൽ അതിക്രമിച്ചു കയറുന്നത് മുതൽ ചെയ്ത എല്ലാ കാര്യങ്ങളും ഇവർ സോഷ്യൽമീഡിയയിൽ ലൈവ് ചെയ്യുകയും ചെയ്തു. ലൈവിൽ ആദ്യം ഇവിഎം കാണിക്കുകയും പിന്നീട് ഇതിൽ കള്ളവോട്ട് ചെയ്യുന്നതും ചുവന്ന ലൈറ്റ് കത്തുന്നതും കാണാം. ഇടയ്ക്ക് തടയാൻ എത്തുന്ന പോളിങ് ബൂത്ത് ഉദ്യോ​ഗസ്ഥരെ ഇവർ അധിക്ഷേപിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

Advertising
Advertising

സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ഇയാൾ ഇത് ഡിലീറ്റ് ചെയ്തു. എന്നാൽ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. നീക്കം ചെയ്യുന്നതിന് മുമ്പ് സേവ് ചെയ്ത വീഡിയോ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

'ബിജെപി നേതാവിന്റെ മകനും പാർട്ടി പ്രവർത്തകനുമായ വിജയ് ഭാഭോർ ഗുജറാത്തിലെ ദഹോദിലെ പോളിങ് ബൂത്ത് തട്ടിയെടുത്ത് ആ സംഭവം മുഴുവൻ സോഷ്യൽമീഡിയയിൽ ലൈവ് സ്ട്രീം ചെയ്തു. പിന്നീട് അത് ഡിലീറ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം അയാൾ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും മറ്റുള്ളവരുമായി കള്ളവോട്ട് ചെയ്യുകയും ചെയ്തെന്നാണ് ആരോപണം. ഇത് പ്രാദേശിക വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുകയും ദേശീയ ചാനലുകൾ നിശബ്ദത പാലിക്കുകയും ചെയ്യുന്നു'- മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു.

അതേസമയം, ബൂത്ത് പിടിച്ചെടുക്കൽ സംഭവത്തിൽ ദാഹോദിലെ കോൺഗ്രസ് സ്ഥാനാർഥി ഡോ. പ്രഭാബെൻ തവിയാദ് വിജയ് ഭാഭോറിനെതിരെ ജില്ലാ കലക്ടർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ നടന്ന വോട്ടെടുപ്പിൽ ദാഹോദിൽ 58.66% പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബിജെപി നേടിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News