ഗുജറാത്തില്‍ പ്രചാരണം ഏറ്റെടുത്ത് ബി.ജെ.പി കേന്ദ്രനേതൃത്വം; ഇന്ന് അഞ്ചു റാലികളില്‍ അമിത് ഷാ പങ്കെടുക്കും

27 വർഷം സംസ്ഥാന ഭരണ നേതൃത്വത്തിൽ ഉണ്ടെങ്കിലും ഇത്തവണ സമാനതകളില്ലാത്ത സമ്മർദമാണ് ഗുജറാത്തിൽ ബി.ജെ.പി നേരിടുന്നത്

Update: 2022-11-25 01:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നേരിട്ട് നിയന്ത്രിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം. കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് സംസ്ഥാനത്തെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇന്ന് ഗുജറാത്തിലെ അഞ്ച് റാലികളിൽ അമിത് ഷാ പങ്കെടുക്കും.

27 വർഷം സംസ്ഥാന ഭരണ നേതൃത്വത്തിൽ ഉണ്ടെങ്കിലും ഇത്തവണ സമാനതകളില്ലാത്ത സമ്മർദമാണ് ഗുജറാത്തിൽ ബി.ജെ.പി നേരിടുന്നത്. ശക്തമായ ത്രികോണ മത്സരത്തിന് കളം ഒരുങ്ങുകയും സംസ്ഥാനത്ത് ശക്തമായ ഒരു നേതൃനിര ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ് ബി.ജെ.പി നേരിടുന്ന പ്രതിസന്ധി. പാർട്ടിയുടെ രഹസ്യാതമക സ്വഭാവത്തിന് വിരുദ്ധമായി സ്ഥാനാർത്ഥി പട്ടിക നേരത്തെ ചില മാധ്യമങ്ങൾക്ക് ലഭിച്ചതിൽ ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീലിന് പങ്കുണ്ടെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ പാട്ടീൽ മുന്നോട്ട് വെയ്ക്കുന്ന പ്രചാരണ നിർദ്ദേശങ്ങൾ തള്ളിയാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം നിർണായക ഘട്ടത്തിൽ പ്രചരണത്തിന് നേരിട്ട് ചുക്കാൻ പിടിക്കുന്നത്.

അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് ഗുജറാത്തിൽ ബി.ജെ.പിയുടെ പ്രചാരണ തന്ത്രം മെനയുന്നത്. അടിസ്ഥാന തലത്തിൽ ഇറങ്ങി പ്രചാരണം നടത്താൻ ആണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം ഗുജറാത്തിലെ പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമാകുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ. ഇന്ന് മാത്രം അഞ്ചിടങ്ങളിൽ ആണ് അമിത് ഷാ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News