ആരോഗ്യ കാരണങ്ങളാൽ ജാമ്യത്തിലിറങ്ങിയ ഗുജറാത്ത് കലാപക്കേസ് പ്രതി മകൾക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം

നരോദ മണ്ഡലത്തിൽ മത്സരിക്കുന്ന പായൽ കുക്രാനിക്കായി സജീവ പ്രചാരണം നടത്തുകയാണ് 2015 മുതൽ ജാമ്യത്തിലുള്ള മനോജ്

Update: 2022-11-13 15:18 GMT
Advertising

ഗാന്ധിനഗർ: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നരോദപാട്യ കൂട്ടക്കൊല കേസ് പ്രതി മനോജ് കുക്രാനിയുടെ മകൾ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുകയാണ്. നരോദ മണ്ഡലത്തിൽ മത്സരിക്കുന്ന പായൽ കുക്രാനിക്കായി സജീവ പ്രചാരണം നടത്തുകയാണ് ആരോഗ്യ കാരണങ്ങളാൽ 2015 മുതൽ ജാമ്യത്തിലുള്ള മനോജ്. കലാപക്കേസിൽ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട മനോജ് പ്രചാരണ രംഗത്ത് സജീവമായത് എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

97 മുസ്ലിംകൾ കൊല്ലപ്പെട്ട നരോദപാട്യ കേസിലെ 16 പ്രതികളിൽ ഒരാളാണ് മനോജ്. 2002ലാണ് സംഭവം നടന്നത്. മനോജ് കുക്രാനിയുടെയും മറ്റ് 15 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി 2018ൽ ശരിവച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുക്രാനി ഇപ്പോൾ ആരോഗ്യ കാരണങ്ങളാലാണ് ജാമ്യത്തിലുള്ളത്. വിധിക്കെതിരെ മനോജ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ വിചാരണ നടന്നിട്ടില്ല.

കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും ഇയാൾ മിക്കപ്പോഴും ജാമ്യത്തിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മനോജ് സജീവമായത് ചൂണ്ടിക്കാട്ടിയപ്പോൾ അച്ഛന് ശിക്ഷ വിധിച്ചതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് പായൽ മറുപടി നൽകിയത്. അദ്ദേഹം പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണെന്നും മാതാപിതാക്കളും ബിജെപി നേതാക്കളുമൊക്കെ തന്നെ പ്രചാരണത്തിൽ സഹായിക്കുന്നുണ്ടെന്നും ബിജെപി സ്ഥാനാർഥി പറഞ്ഞു. വികസനം മുൻനിർത്തി താൻ ജയിക്കുമെന്നും അവകാശപ്പെട്ടു.

 

നരോദയിലെ ആംആദ്മി പാർട്ടി സ്ഥാനാർഥി മനേജിനും പായലിന്റെ സ്ഥാനാർഥിത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. 'നരോദ്യ പാട്യ കൂട്ടക്കൊലക്ക് പ്രേരിപ്പിച്ച് മനോജ് കുക്രാനി വലിയ സംഭാവനയാണ് പാർട്ടിക്ക് നൽകിയതെന്ന് ബിജെപി ചിന്തിക്കുന്നുണ്ടാകും. അതുവഴി ജയിലിൽ പോയത് വലിയ ത്യാഗമാണെന്നും കരുതുന്നുണ്ടാകും. അതിനാൽ അദ്ദേഹത്തിന് അംഗീകാരം നൽകണന്നെും തീരുമാനിച്ചുകാണും. അതുകൊണ്ടാണ് അയാളുടെ ഭാര്യ ബിജെപി കോർപ്പറേറ്റും ഇതുവരെ രാഷ്ട്രീയത്തിലില്ലാതിരുന്ന പായൽ എംഎൽഎ സ്ഥാനാർഥിയുമായത്'- ആംആദ്മി സ്ഥാനാർഥി പരിഹസിച്ചു.

 

നേരത്തെ, ഗോധ്ര മണ്ഡലത്തിൽ ചന്ദ്രാശിഷ് റൗൾജിയെ സ്ഥാനാർഥിയാക്കിയതും വിവാദമായിരുന്നു. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ സംസ്‌കാരമുളള ബ്രാഹ്‌മണരാണെന്ന ഇയാളുടെ പരാമർശം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ജീവപര്യന്തം ലഭിച്ച ഇവർ ജയിലിൽ നല്ല നടപ്പുള്ളവരായിരുന്നുവെന്ന് കാണിച്ച് ജാമ്യം നൽകുകയായിരുന്നു. ബി.ജെ.പി പുറത്തുവിട്ട പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് പായൽ. അനസ്‌തെറ്റിസ്റ്റാണ് 30കാരിയായ പായൽ- 'പാർട്ടി എന്നിൽ വിശ്വാസമർപ്പിച്ച് ടിക്കറ്റ് നൽകിയതിൽ അതിയായ സന്തോഷമുണ്ട്. എൻറെ പിതാവ് 40 വർഷമാണ് ബി.ജെ.പിക്ക് നൽകിയത്. അമ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്'- പായൽ പറഞ്ഞു. പായലിന്റെ അമ്മ രേഷ്മ അഹമ്മദാബാദിലെ സൈജ്പൂരിൽ നിന്നുള്ള ജനപ്രതിനിധിയാണ്.

കലാപക്കേസിലെ പ്രതിയുടെ മകളെ മത്സരിപ്പിക്കുന്നതിനെ കോൺഗ്രസ് വിമർശിച്ചു. എന്തുകൊണ്ട് ബി.ജെ.പി മറ്റൊരു സ്ഥാനാർഥിയെ പരിഗണിച്ചില്ലെന്ന് കോൺഗ്രസ് വക്താവ് അലോക് ശർമ ചോദിച്ചു. ബി.ജെ.പി ഇക്കാലമത്രയും ചെയ്യുന്നത് ഇതാണ്. ബി.ജെ.പിയുടെ വ്യാജ ഹിന്ദുത്വത്തിന് ഇനി വിജയ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 1990 മുതൽ നരോദ സീറ്റിൽ ബി.ജെ.പിയാണ് വിജയിക്കുന്നത്. 1998ൽ എം.എൽ.എയായ മായ കൊട്‌നാനി 2002ലും 2007ലും മണ്ഡലം നിലനിർത്തി. 2012ൽ നിർമല വധ്‌വനിയും 2017ൽ ബൽറാം തവനിയും വിജയിച്ചു.

Gujarat riot case accused, Manoj Kukrani who is out on bail, is active in election campaign for his daughter

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News