അരലക്ഷത്തോളം മനുഷ്യര്‍ തെരുവിലേക്ക്: ഉത്തരാഖണ്ഡിലെ കുടിയൊഴിപ്പിക്കലിനെതിരായ ഹരജി ഇന്ന് സുപ്രിംകോടതിയിൽ

ഞായറാഴ്ച ഒഴിപ്പിക്കൽ തുടങ്ങാനാണ് സർക്കാർ നീക്കം. അതിനായി ബുൾഡൊസറുകൾ അടക്കം എല്ലാം ഒരുക്കങ്ങളും പൂർത്തിയായി

Update: 2023-01-05 02:14 GMT
Editor : Lissy P | By : Web Desk

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിലെ റെയിൽവേ ഭൂമിൽ നിന്ന് 4365 കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബൻഭൂൽപുര നിവാസികൾ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. 70 വർഷമായി താമസിച്ചുവരുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കരുത് എന്നാണ് കുടുംബങ്ങളുടെ ആവശ്യം.

മൂന്ന് സർക്കാർ സ്‌കൂളുകളും 11 സ്വകാര്യ സ്‌കൂളുകളും 10 മുസ്‍ലിം പള്ളികളും 12 മദ്രസകളും  ക്ഷേത്രങ്ങളും ആശുപത്രിയും... അരലക്ഷത്തോളം മനുഷ്യർ ഇങ്ങനെ ഏഴ് പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്ത ജനവാസ കേന്ദ്രമാണ് നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം ഒഴിയണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. ഡിസംബർ 20 ന് ഉത്തരവ് വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രദേശവാസികൾ സമരം ആരംഭിക്കുകയും ഇറക്കിവിടരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ, സർക്കാർ ഒരു കനിവും കാട്ടിയില്ല. ഞായറാഴ്ച ഒഴിപ്പിക്കൽ തുടങ്ങാനാണ് സർക്കാർ നീക്കം. അതിനായി ബുൾഡൊസറുകൾ അടക്കം എല്ലാം ഒരുക്കങ്ങളും പൂർത്തിയായി.

Advertising
Advertising

ഒരു ബദൽ സംവിധാനവും ഒരുക്കാതെയാണ് നാലായിരത്തിലധികം കുടുംബങ്ങളെ പെരുവഴിയിലേക്ക് ഇറക്കിവിടുന്നത്. കോളനിയിലെ താമസക്കാർ നൽകിയ 10 ഹരജികളാണ് കോടതി പരിഗണിക്കുന്നത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ ഹാജരാകും. കോടതി വിധി നടപ്പാക്കുമെനാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പ്രതികരിച്ചത്.

റെയിൽവേയും ഹൈക്കോടതിയും തമ്മിലുള്ള വിഷയമാണിതെന്നും സർക്കാർ കേസിൽ കക്ഷി അല്ലെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനവും മുസ്‍ലിങ്ങൾ ഉള്ള പ്രദേശമാണ് ഹൽദ്വാനി. സർക്കാർ നീക്കത്തിനെതിരെ പ്രദേശത്ത് വൻ പ്രതിഷേധമാണ് നടക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News