ഹരിയാനയിൽ എഡിജിപി മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം
ആന്ധ്രാപ്രദേശിൽ നിന്നുള്ള 2001 ബാച്ച് ഓഫീസർ കൂടിയായ പുരാന്‍ കുമാര്‍ ജാതി വിവേചനത്തിനെതിരെ സംസാരിക്കുകയും ഭരണപരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു
പുരൻ കുമാര്‍- അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ പൊലീസ് സംഘം Photo- Express Photo
ചണ്ഡിഗഡ്: ഹരിയാനയിൽ എഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. എഡിജിപി പുരൻ കുമാറിനെയാണ്(52) വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത നിലയിലാണ് കണ്ടെത്തിയത്. 2001 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരൻ കുമാർ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് ചണ്ഡീഗഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) കന്‍വര്‍ദീപ് കൗര്‍ വ്യക്തമാക്കി.
പുനീതിന്‍റെ ഭാര്യ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അമ്നീത് പി കുമാർ ആണ്. അവർ സ്ഥലത്തില്ലാത്തപ്പോഴാണ് സംഭവം നടന്നത്. അമ്നീത് ഔദ്യോഗിക സന്ദർശത്തിന്‍റെ ഭാഗമായി ജപ്പാനിലാണ്. പുരൻ കുമാറിന്‍റെ മകളാണ് വീടിന്‍റെ ബേസ്മെന്‍റിൽ മൃതദേഹം കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള 2001 ബാച്ച് ഓഫീസർ കൂടിയായ അദ്ദേഹം ജാതി വിവേചനത്തിനെതിരെ സംസാരിക്കുകയും ഭരണപരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. പൊലീസ് റാങ്കുകളിലെ പട്ടികജാതി (എസ്‌സി) പ്രാതിനിധ്യവുമായി ബന്ധപ്പെട്ടൊക്കെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഹരിയാന സര്‍ക്കാറിലെ ഭരണപരവും നടപടിക്രമങ്ങളിലെ പൊരുത്തക്കേടുകളുമൊക്കെ അദ്ദേഹം ഉന്നയിച്ചിരുന്നു.
ഹരിയാനയിലെ 1991, 1996, 1997, 2005 ബാച്ചുകളിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനെതിരെയും അദ്ദേഹം രംഗത്ത് എത്തിയിരുന്നു. സ്ഥാനക്കയറ്റങ്ങൾ നിയമവിരുദ്ധമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ജാതിയുടെ പേരിൽ വിവേചനം നേരിടുന്നുവെന്ന് കുമാർ ആരോപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)