ഹരിയാന 'വോട്ട് ചോരി'; തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തിൽ
വോട്ട് കൊള്ളക്ക് പുറമെ എസ്ഐആറിന് എതിരെയും ഇന്‍ഡ്യ സഖ്യം രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തിൽ.വോട്ടർ പട്ടികയ്‌ക്കെതിരെ കോൺഗ്രസ് പരാതികൾ നൽകിയിട്ടില്ല എന്നാണ് കമ്മീഷൻ വാദം. അതേസമയം, രാഹുലിന്റെ ആരോപണങ്ങൾ ബിഹാർ രണ്ടാം ഘട്ട പ്രചാരണത്തിൽ സജീവ ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം.എസ്ഐആറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനും ഇൻഡ്യ സഖ്യം ഒരുങ്ങുകയാണ്.
മഹാരാഷ്ട്രക്കും കർണാടകയ്ക്കും പിന്നാലെ ഹരിയാനയിൽ രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങളിൽ കൃത്യമായ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. വോട്ടർ പട്ടികയിൽ കോൺഗ്രസ് പരാതി നൽകിയിട്ടില്ല എന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന മറുപടി.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ നിരവധി പരാതികൾ കോൺഗ്രസ് നൽകിയിരുന്നു. അതേസമയം, വിഷയത്തിൽ രാജ്യവ്യാപക പ്രചാരണം നടത്തുവാനാണ് കോൺഗ്രസ് തീരുമാനം. ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിൽ കൃത്യമായി വിഷയം ഉയർത്തും. പ്രതിഷേധത്തിന് മറ്റ് ഇന്‍ഡ്യ സഖ്യ പാർട്ടികളുടെ പിന്തുണയും കോൺഗ്രസും തേടും. വോട്ട് കൊള്ളക്ക് പുറമെ എസ്ഐആറിന് എതിരെയും ഇന്‍ഡ്യ സഖ്യം രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.ബിഹാർ തെരഞ്ഞെടുപ്പിനു ശേഷം പ്രതിഷേധ പരിപാടികൾ ആരംഭിക്കും. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നതിന് ഇന്ത്യ സഖ്യത്തിന്റെ യോഗം ഉടൻ ചേരും. മമതാ ബാനർജി, സ്റ്റാലിൻ, ശരത് പവാർ , മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.