'ആര്‍എസ്എസില്‍നിന്ന് ആരെങ്കിലും രാജ്യത്തിനായി ജീവന്‍ വെടിഞ്ഞിട്ടുണ്ടോ?' -മല്ലികാര്‍ജുന്‍ ഖാര്‍ഗെ

‘മഹാത്മാ ഗാന്ധിയെ കൊന്നവരാണ്​ രാജ്യസ്നേഹത്തെക്കുറിച്ച് വാചാലരാവുന്നത്​’

Update: 2025-04-21 06:51 GMT

പട്ന: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആര്‍എസ്എസില്‍ നിന്നോ ബിജെപിയില്‍ നിന്നോ ആരെങ്കിലും രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു പട്ടിപോലും അവരുടെ വീടുകളില്‍നിന്ന്​ മരിച്ചിട്ടില്ല. മഹാത്മഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട പായിച്ചവരാണ് രാജ്യസ്നേഹത്തെക്കുറിച്ച് വാചാലരാവുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. ബിഹാറിലെ 'ജയ് ബാപു, ജയ് ഭീം, ജയ് സംവിധാന്‍' പരിപാടിയില്‍ സംസാരിക്കവെയാണ് പരാമര്‍ശം.

നാഷനല്‍ ഹെറാള്‍ഡ് കേസ് ചുമത്തി കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. നാഷനല്‍ ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ ഗാന്ധി കുടുംബത്തിന് കൈമാറിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഖാര്‍ഗെ പറഞ്ഞു.

Advertising
Advertising

ഇഡിയെയും സിബിഐയേയും ദുരുപയോഗിക്കുകയാണ് സര്‍ക്കാർ. അങ്ങനെ പേടിക്കുന്നവരല്ല ഗാന്ധി കുടുംബം. രാജ്യത്തിനു വേണ്ടി ജീവനര്‍പ്പിച്ച രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും ചോരയാണ് സോണിയയും രാഹുലുമെന്ന കാര്യം മറക്കേണ്ടെന്നും ഖാർഗെ കൂട്ടിച്ചേര്‍ത്തു.

കസേരയ്ക്കു വേണ്ടി മാത്രമുള്ള കൂറുമാറ്റമാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേതെന്നും അവസരവാദികളായ കൂട്ടുകെട്ടാണ് ജെഡിയു-ബിജെപി സഖ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധിയെ കൊന്നവരോടാണ് ജെഡിയു കൂട്ടുകൂടിയിരിക്കുന്നത്. അവസരവാദികളായ ഈ കൂട്ടുകെട്ട് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ല.

2015ല്‍ മോദി വാഗ്ദാനം ചെയ്ത 1.25 കോടി രൂപയുടെ പാക്കേജ് എവിടെയെന്ന് ബിഹാറിലെ ജനങ്ങള്‍ നിതീഷ് കുമാറിനോട് ചോദിക്കണം. നുണകളുടെ ഫാക്ടറിയാണ് മോദി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് വോട്ടുചെയ്യണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. വര്‍ഗീയ കലാപമുണ്ടാക്കാന്‍ വേണ്ടി ബിജെപിയും ആര്‍എസ്എസും മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും വഖഫിന്റെ പേരിലുണ്ടായ പ്രശ്നങ്ങള്‍ ബിജെപി ഉണ്ടാക്കിയതാണെന്നും ഖാര്‍ഗെ ആരോപിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News