ജാർഖണ്ഡിൽ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി ഹേമന്ത് സോറൻ

നേരത്തെ ഛത്തീസ്​ഗഢിലേക്ക് മാറ്റുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും പിന്നീട് സംസ്ഥാനത്തിന് അകത്തു തന്നെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Update: 2022-08-27 10:41 GMT

റാഞ്ചി: ജാർഖണ്ഡിലെ ഭരണകക്ഷി എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റി എംഎൽഎ സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കപ്പെട്ട മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജാർഖണ്ഡ് മുക്തി മോർച്ചയുടേയും സഖ്യകക്ഷിയായ കോൺ​ഗ്രസിന്റേയും ആർ.ജെ.ഡിയുടേയും എം.എൽ.എമാരെയാണ് മാറ്റിയത്. ബി.ജെ.പിയുടെ അട്ടിമറി നീക്കം മുൻകൂട്ടി കണ്ടാണ് നീക്കം.

തലസ്ഥാനമായ റാഞ്ചിയിൽ നിന്നും 30 കി.മീ അകലെയുള്ള ഖുന്തിയിലേക്കാണ് രണ്ട് വോൾവോ ബസുകളിലായി എം.എൽ.എമാരെ കൊണ്ടുപോയത്. 43 എം.എൽ.എമാരെയാണ് മാറ്റിയത്.

നേരത്തെ ഛത്തീസ്​ഗഢിലേക്ക് മാറ്റുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും പിന്നീട് സംസ്ഥാനത്തിന് അകത്തു തന്നെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ എം.എൽ.എമാരെ പെട്ടെന്നുതന്നെ മടക്കിയെത്തിക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.

Advertising
Advertising

ഹേമന്ത് സോറന്റെ വസതിയിൽ രാവിലെ 11ന് എം.എൽ.എമാരുടെ യോ​ഗം വിളിച്ചുചേർത്തിരുന്നു. ല​ഗേജുകളുമായാണ് എം.എൽ.എമാർ യോ​ഗത്തിനെത്തിയത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡൽഹിയിലും കുതിരക്കച്ചവടത്തിന് ശ്രമിച്ച ബി.ജെ.പിയുടെ നീക്കം ജാർഖണ്ഡിലും ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് സോറന്റെ തീരുമാനം.

പല എം.എൽ.എമാരെയും ബി.ജെ.പി നേതാക്കൾ ബന്ധപ്പെടുന്നെന്ന റിപ്പോർട്ടുകളുമുണ്ട്. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന് സോറനടങ്ങുന്ന ഭരണപക്ഷ നേതാക്കൾ കരുതുന്നു. ഇതിനു തടയിടാനാണ് മഹാസഖ്യത്തിന്റെ ഇത്തരമൊരു തീരുമാനം. ഇന്നലെയും ഇന്നുമായി മൂന്ന് യോ​ഗങ്ങളാണ് സോറൻ വിളിച്ചുചേർത്തത്.

അതേസമയം, എം.എൽ.എ സ്ഥാ‌നത്തു നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അയോ​ഗ്യനാക്കിയെങ്കിലും നിലവിൽ ഹേമന്ത് സോറന്റെ നിയമസഭാ അം​​ഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോ​ഗിക ഉത്തരവ് ​ഗവർണറിൽ നിന്നുണ്ടായിട്ടില്ല. അതുണ്ടായാൽ നിയമനടപടികളടക്കമുള്ള തുടർനടപടികളിലേക്ക് നീങ്ങാനാണ് മഹാസഖ്യം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് 8.30ന് കോൺ​ഗ്രസിന്റെ പാർലമെന്ററി പാർട്ടി യോ​ഗം ചേരുന്നുണ്ട്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News