ജാർഖണ്ഡിൽ ഹേമന്ത് സോറൻ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി
ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചു
ജാർഖണ്ഡിൽ ഹേമന്ത് സോറൻ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. യു.പി.എ സർക്കാരിന് 48 എം.എൽ.എമാരുടെ പിന്തുണയുണ്ട്.
81 അംഗ നിയമസഭയിലാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ യു.പി.എ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതോടെ ജാർഖണ്ഡിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതിയായി.
വിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു- "അവർ (ബി.ജെ.പി) അധികാര രാഷ്ട്രീയവും ഹിന്ദു-മുസ്‍ലിം രാഷ്ട്രീയവും മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ ഞാന്‍ ഷിബു സോറന്റെ മകനാണ്. ഞാൻ പേടിക്കില്ല. ബി.ജെ.പി ബിസിനസുകാരുടെ പാർട്ടിയാണ്. അവർ ഞങ്ങളുടെ എം.എൽ.എമാരെ വാങ്ങാൻ ശ്രമിച്ചു. ഭരണപക്ഷത്തെ എം.എല്‍.എമാരെ ഭീഷണിപ്പെടുത്തി. പക്ഷേ വിജയിച്ചില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ തക്കതായ മറുപടി നൽകും. ബി.ജെ.പി തുടച്ചുനീക്കപ്പെടും".
ബിജെപിയും ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനും (എജെഎസ്‌യു) വോട്ടെടുപ്പിനിടെ സഭയിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും വിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു. "സംസ്ഥാനത്ത് ബലാത്സംഗം, കൊലപാതകം, കൊള്ള തുടങ്ങിയ സംഭവങ്ങൾ നടക്കുമ്പോള്‍ ഭരണകക്ഷി എം.എൽ.എമാർ ബോട്ട് സവാരിയും റിസോർട്ടിൽ ആഡംബരവും ആസ്വദിക്കുന്ന തിരക്കിലായിരുന്നു. ഭയം കാരണമാണ് അവര്‍ വിശ്വാസ വോട്ടെടുപ്പ് കൊണ്ടുവന്നത്"- ബി.ജെ.പി എം.എൽ.എ നീലകണ്ഠ് സിങ് മുണ്ട ആരോപിച്ചു. തനിക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വിശ്വാസ പ്രമേയം സഭയിൽ അവതരിപ്പിച്ചതെന്ന് എജെഎസ്‌യു പ്രസിഡന്റ് സുധേഷ് മഹ്തോ ആരോപിച്ചു.
ആഗസ്റ്റ് 30ന് ഛത്തീസ്ഗഡിലെ റായ്പൂരിലെ റിസോർട്ടിലേക്ക് 31 യുപിഎ എംഎൽഎമാരെ മാറ്റിയിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവര്‍ തിരിച്ചെത്തുകയായിരുന്നു.