‘എന്തുകൊണ്ട് ഡൽഹിയിൽ കേസ് ഫയൽ ചെയ്തു'; വാങ്കഡെയുടെ ഹരജിക്കെതിരെ ഹൈക്കോടതി

ചിത്രത്തിൽ, ആര്യനെ അപകീർത്തിപ്പെടുത്തുന്നതിനായി തന്ത്രങ്ങൾ മെനയുകയും പ്രതികാരദാഹത്തോടെ ആക്രമിക്കുകയും ചെയ്യുന്നവരായിട്ടാണ് എൻഫോഴ്സ്മെന്‍റ് ഏജൻസികളെ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഹരജിക്കാരന്റെ ആരോപണം

Update: 2025-09-27 09:33 GMT

സമീര്‍ വാങ്കഡേ Photo| Wikimedia Commons

ഡൽഹി: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന നെറ്റ്ഫ്ലിക്സ് വെബ് സിരീസിനെതിരെ മാനനഷ്ടക്കേസ് ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ എങ്ങനെ വരുമെന്ന് കോടതി. മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്സ്മെന്‍റ് ഏജൻസികളെ മോശക്കാരായി ചിത്രീകരിക്കുന്ന ഷോ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മുൻ നാർക്കോട്ടിക് ബ്യൂറോ ഓഫീസർ സമീർ വാങ്കഡെ നൽകിയ മാനനഷ്ടക്കേസിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ഡൽഹി ഹൈക്കോടതിയുടെ ചോദ്യം.

ചിത്രത്തിൽ, ആര്യനെ അപകീർത്തിപ്പെടുത്തുന്നതിനായി തന്ത്രങ്ങൾ മെനയുകയും പ്രതികാരദാഹത്തോടെ ആക്രമിക്കുകയും ചെയ്യുന്നവരായിട്ടാണ് എൻഫോഴ്സ്മെന്‍റ് ഏജൻസികളെ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഹരജിക്കാരന്റെ ആരോപണം. സിരീസിലെ ചില ഭാ​ഗങ്ങളെ സോഷ്യൽ മീഡിയ കണക്കിന് ട്രോളുന്നുണ്ടെന്നും വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

ഡൽഹിയുടെ അധികാരപരിധിയിൽ ഈ കേസ് എങ്ങനെയാണ് വരുന്നതെന്ന് വാങ്കഡെയുടെ അഭിഭാഷകനോട് ചോദിച്ച കോടതി, കാരണം വ്യക്തമാക്കിക്കൊണ്ട് അതിനനുസരിച്ച് ഭേദ​ഗതി ചെയ്യാൻ നിർദേശിച്ചു. വെബ് സീരീസിലെ ഒരു കഥാപാത്രത്തിന് താനുമായി സാമ്യമുണ്ടെന്നും ​ഹരജിയിൽ പറയുന്നു. സിനിമാ മേഖലയിലെ ഒരു വമ്പൻ സ്രാവിനെ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന ആ കഥാപാത്രത്തിന്റെ സംഭാഷണം ഇതിന് ഉദാഹരണമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

2021-ൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുംബൈ സോണൽ ഡയറക്ടറായിരിക്കെ ആര്യനെ വാങ്കഡെ അറസ്റ്റ് ചെയ്തതിന്‍റെ പ്രതികാരമാകാം ഇതിന് പിന്നിലെന്നാണ് ഹരജിക്കാരന്‍റെ വാദം. 

നിർമാണ കമ്പനിയായ നെറ്റ്ഫ്ലിക്സ്, എക്സ് കോർപ്പ്, ഗൂഗിൾ എൽഎൽസി, മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻ‌കോർപ്പറേറ്റഡ്, ആർ‌പി‌ജി ലൈഫ്‌സ്റ്റൈൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ജോൺ ഡസ് എന്നിവർക്കെതിരെയാണ് മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. സെപ്തംബര്‍ 18നാണ് പരമ്പര നെറ്റ്ഫ്ലിക്സിൽ പ്രദർശനമാരംഭിച്ചത്. ആര്യന്‍റെ ആദ്യ സംവിധാന സംരഭമാണിത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റാണ് നിര്‍മാണം.

2021 ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാനടക്കം 20 പേരുമായി ഗോവയിലേക്കു പുറപ്പെട്ട കോർഡെലിയ ആഡംബരക്കപ്പലിൽ എൻബിസിയുടെ മിന്നൽ റെയ്ഡ് നടന്നത്. സമീർ വാങ്കെഡെയായിരുന്നു റെയ്ഡിനു നേതൃത്വം നൽകിയത്. കപ്പലിൽ ലഹരി പാർട്ടി നടന്നെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും അവകാശപ്പെട്ട് എൻബിസി ആര്യൻ ഖാൻ അടക്കം 15 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തിൽ അപാകതയുണ്ടെന്നും കാണിച്ച് ആര്യൻ ഖാൻ അടക്കം ആറു പ്രതികൾക്ക് അന്വേഷണസംഘം ക്ലീൻചിറ്റ് നൽകി. 26 ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് ആര്യൻ ഖാൻ പുറത്തിറങ്ങിയത്. 2022 ൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News