'ദൈവം മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല'; യാത്രയയപ്പ് ചടങ്ങിൽ സുപ്രിംകോടതി കൊളീജിയത്തെ വിമർശിച്ച് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി
ചൊവ്വാഴ്ചയാണ് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ദുപ്പല വെങ്കട രമണ വിരമിച്ചത്.
ഭോപ്പാൽ: യാത്രയയപ്പ് ചടങ്ങിൽ സുപ്രിംകോടതി കൊളീജിയത്തിനെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി. തന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദുപ്പല വെങ്കട രമണയാണ് കൊളീജിയത്തെ വിമർശിച്ചത്.
ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോഴാണ് 2023 ആഗസ്റ്റിൽ ജസ്റ്റിസ് ദുപ്പല വെങ്കട രമണയെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയത്. കോവിഡാനന്തരം ജസ്റ്റിസ് രമണയുടെ ഭാര്യക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന് മെച്ചപ്പെട്ട ചികിത്സ നേടുന്നതിനായി കർണാടക ഹൈക്കോടതിയിലേക്കായിരുന്നു അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് കൊളീജിയം പരിഗണിച്ചില്ല. ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ദൈവം അത്ര എളുപ്പത്തിൽ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല, തന്നെ ഉപദ്രവിക്കാനുള്ള മനപ്പൂർവമായ തീരുമാനമായിരുന്നു അത്. അവരും മറ്റൊരു തരത്തിൽ ഈ വേദന അനുഭവിക്കേണ്ടിവരുമെന്നും ജസ്റ്റിസ് രമണ പറഞ്ഞു.
ഭാര്യയുടെ ആരോഗ്യനില ചൂണ്ടിക്കാട്ടി 2024 ജൂലൈ 19നും ആഗസ്റ്റ് 28നും സുപ്രിംകോടതിയിൽ നിവേദനം നൽകിയിരുന്നു. ഇത് രണ്ടും കൊളീജിയം തള്ളി. മുൻ ചീഫ് ജസ്റ്റിസിന്റെ കാലത്ത് മറ്റൊരു അപേക്ഷ കൂടി നൽകിയെങ്കിലും മറുപടി പോലും ലഭിച്ചില്ല. മാനുഷിക പരിഗണന നൽകാത്തത് തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നും ജഡ്ജി പറഞ്ഞു. ചൊവ്വാഴ്ചയാണ് ജസ്റ്റിസ് ദുപ്പല വെങ്കട വിരമിച്ചത്.
തന്റെ ജീവിതത്തിലെ ഓരോ നേട്ടവും തിരിച്ചടികളും കഷ്ടപ്പാടുകളും സഹിച്ചതിന് ശേഷമാണ് ഉണ്ടായതെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. താൻ ഒരിക്കലും നിയമ പണ്ഡിതനായ ഒരു ജഡ്ജിയോ മികച്ച ജഡ്ജിയോ ആണെന്ന് അവകാശപ്പെട്ടിട്ടില്ല. എന്നാൽ നീതിന്യായ വ്യവസ്ഥയുടെ ആത്യന്തിക ലക്ഷ്യം സാധാരണക്കാർക്ക് നീതി ലഭ്യമാക്കുക എന്നതാണെന്ന് താൻ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.