''ഒരു സമുദായത്തിലെ വിദ്യാർഥികൾ മാത്രം മതചിഹ്നങ്ങൾ പ്രദർശിപ്പിക്കാതിരിക്കലല്ല മതേതരത്വം''; ഹിജാബ് കേസിൽ സുപ്രിംകോടതിയിലെ വാദങ്ങൾ

ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സുധാൻശു ധുലിയ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവദത്ത് കാമത്ത് ആണ് വിദ്യാർഥികൾക്ക് വേണ്ടി ഹാജരായത്.

Update: 2022-09-07 15:21 GMT
Advertising

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ നൽകിയ ഹരജിയിൽ സുപ്രിംകോടതി ബുധനാഴ്ചയും വാദം കേട്ടു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സുധാൻശു ധുലിയ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവദത്ത് കാമത്ത് ആണ് വിദ്യാർഥികൾക്ക് വേണ്ടി ഹാജരായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക സർക്കാറിന്റെ ഉത്തരവ് നിരുപദ്രവകരമായ ഒന്നല്ലെന്നും അത് വിദ്യാർഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് വിലക്ക് മതം ആചരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നില്ലെന്നും വിഷയത്തിൽ കോളജ് കമ്മിറ്റിക്ക് അന്തിമ തീരുമാനമെടുക്കാമെന്നുമാണ് ഗവൺമെന്റ് ഉത്തരവിൽ പറയുന്നത്. സർക്കാർ തന്നെ ഹിജാബ് മതാചാരമല്ലെന്ന് പറഞ്ഞാൽ പിന്നെ കോളജ് അധികൃതർ അതിൽനിന്ന് ഭിന്നമായി എങ്ങനെ തീരുമാനമെടുക്കുമെന്നും കാമത്ത് ചോദിച്ചു.

ഹിജാബ് വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിജാബ് വിലക്കിലുടെ സംസ്ഥാനം 19, 21, 25 ആർട്ടിക്കിളുകൾ പ്രകാരം വിദ്യാർഥികൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കുകയാണ്. യൂണിഫോം നിർബന്ധമാക്കുന്നതിന് താൻ എതിരല്ല. യൂണിഫോം ധരിച്ചിട്ടും ഹിജാബ് ധരിക്കാൻ കുട്ടികളെ അനുവദിക്കില്ലെന്ന് സംസ്ഥാനം പറയുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്.

ഹിജാബ് ആർട്ടിക്കിൾ 25ന്റെ പരിധിയിൽ വരില്ലെന്ന സർക്കാർ വാദം ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും കാമത്ത് പറഞ്ഞു. എന്നാൽ താങ്കൾ സർക്കാർ ഉത്തരവ് കൃത്യമായി വായിച്ചിട്ടില്ല, ഒരു സമുദായം മാത്രമാണ് മതപരമായ വസ്ത്രം ധരിച്ച് വരുന്നത് എന്നായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ മറുപടി. രുദ്രാക്ഷവും കുരിശും അടക്കമുള്ളവ ധരിച്ച് വിദ്യാർഥികൾ വരുന്നുണ്ടെന്ന് കാമത്ത് അറിയിച്ചു. രുദ്രാക്ഷവും കുരിശും വസ്ത്രത്തിന് അടിയിലാണ് ധരിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് ഗുപ്തയുടെ വാദം. എന്നാൽ പുറത്തുകാണുന്നുണ്ടോ ഇല്ലേ എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു കാമത്തിന്റെ മറുപടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News