ഹിന്ദി ദേശീയ ഭാഷയല്ല; വിമാനത്താവളത്തിൽ തമിഴ് യുവതിയെ അപമാനിച്ചതിന് പിന്നാലെ സ്റ്റാലിൻ

സിഐഎസ്‌എഫ് ഉദ്യോഗസ്ഥനോടാണ് തനിക്ക് ഹിന്ദി അറിയില്ലെന്ന് യുവതി പറഞ്ഞത്

Update: 2023-12-15 05:17 GMT
Editor : Jaisy Thomas | By : Web Desk

എം.കെ സ്റ്റാലിന്‍

Advertising

ചെന്നൈ: ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ തമിഴ് യുവതിക്ക് ഗോവ വിമാനത്താവളത്തില്‍ അപമാനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

സിഐഎസ്‌എഫ് ഉദ്യോഗസ്ഥനോടാണ് തനിക്ക് ഹിന്ദി അറിയില്ലെന്ന് യുവതി പറഞ്ഞത്. എന്നാല്‍ തമിഴ്നാട് ഇന്ത്യയിലാണെന്നും എല്ലാ ഇന്ത്യാക്കാരും ഹിന്ദി പഠിക്കണമെന്നുമായിരുന്നു ഉദ്യോഗസ്ഥന്‍റെ പ്രതികരണം. "ഹിന്ദി അറിയാത്തതിന്റെ പേരിൽ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പീഡനം നേരിടേണ്ടിവരുന്നതും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന തെറ്റായ ധാരണ അംഗീകരിക്കാൻ നിർബന്ധിതരാകുന്നതും ആവർത്തിച്ചുള്ള സംഭവങ്ങളാണ്", സ്റ്റാലിൻ എക്‌സിൽ എഴുതി. ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ശർമിള എന്ന യുവതിക്ക് ദുരനുഭവമുണ്ടായത്.

"തമിഴ്‌നാട് ഇന്ത്യയിലാണ് എന്നും രാജ്യത്തെ എല്ലാവരും ഹിന്ദി പഠിക്കണമെന്നും ഉദ്യോഗസ്ഥൻ നിർബന്ധിച്ചു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നുമുള്ള ശർമിളയുടെ വിശദീകരണം അവഗണിച്ച് ഗൂഗിൾ ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിക്കുകയും ചെയ്തു. ഇന്ത്യയിലെ എല്ലാവരും ഹിന്ദി പഠിക്കണമെന്ന് ഉറക്കെ പറഞ്ഞ എയർപോർട്ട് സെക്യൂരിറ്റി ഗാർഡ് യുവതിയെ കൂടുതൽ അപമാനിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. കേന്ദ്ര സുരക്ഷാ സേനയെ വിമർശിച്ച കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ, അവരുടെ ജോലി സുരക്ഷ നിലനിർത്തലാണെന്നും ഹിന്ദി പാഠങ്ങൾ പഠിപ്പിക്കലല്ലെന്നും പറഞ്ഞു.

രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കലിനെക്കുറിച്ച് പറഞ്ഞ ഉദയനിധി, സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. “നിർബന്ധത്തിന്റെയും ഭീഷണിയുടെയും സംഭവത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. വിമാനത്താവളങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടരുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര സേന സുരക്ഷയ്ക്കാണ് - ഹിന്ദി പാഠങ്ങൾ പഠിപ്പിക്കാനല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ബഹുഭാഷാ ഇന്ത്യൻ യൂണിയനിൽ, മറ്റ് ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെ മേൽ ഹിന്ദി തുടർച്ചയായി അടിച്ചേൽപ്പിക്കുന്നത് ഫെഡറലിസത്തിന്റെ തത്വശാസ്ത്രത്തിന് എതിരാണ്. കേന്ദ്രസർക്കാർ ഇത്തരമൊരു പ്രവണത സ്വീകരിക്കാതെ അടിയന്തര നടപടി സ്വീകരിക്കണം. ഭാഷയ്ക്കുള്ള അവകാശവും മനുഷ്യാവകാശമാണെന്ന് ഫാസിസ്റ്റുകൾ മനസ്സിലാക്കണം,” അദ്ദേഹം കുറിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News