സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കർണാടക ആഭ്യന്തര മന്ത്രി
സർക്കാർ പ്രതിനിധികൾ എന്തുകൊണ്ടാണ് സുഹാസ് ഷെട്ടിയുടെ വീട് സന്ദർശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി.
ബെംഗളൂരു: ബജ്‌റംഗ് ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ബിജെപി നേതാവിന്റെ ആവശ്യം തള്ളി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. എൻഐഎ അന്വേഷണം വേണമെന്നത് ബിജെപിയുടെ ആവശ്യമാണ്. തങ്ങളുടെ പൊലീസ് നല്ല രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ അന്വേഷണം എൻഐഎക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പരമേശ്വര പറഞ്ഞു.
സർക്കാർ പ്രതിനിധികൾ എന്തുകൊണ്ടാണ് സുഹാസ് ഷെട്ടിയുടെ വീട് സന്ദർശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ഇത് ഒരു കൊലപാതക കേസാണ്. അദ്ദേഹത്തിനെതിരെ അഞ്ച് ക്രിമിനൽ കേസുകളുണ്ട്. അതുകൊണ്ടാണ് സർക്കാർ പ്രതിനിധികൾ കുടുംബത്തെ സന്ദർശിക്കാതിരുന്നത്. അതേസമയം കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയാണ് ബജ്‌റംഗ് ദൾ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുൽ സഫ്‌വാൻ, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മിൽ, ഖലന്ദർ ഷാഫി, ആദിൽ മെഹ്‌റൂസ്, മുഹമ്മദ് റിസ്‌വാൻ, രഞ്ജിത്, നാഗരാജ് എന്നിവരാണ് അറസ്റ്റിലായത്.