യുപിയിൽ ഹിന്ദു കുടുംബം വിറ്റ വീട് വാങ്ങിയത് മുസ്‌ലിം ബിസിനസുകാരൻ; പിന്നാലെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ
മുസ്‌ലിമല്ലാത്ത ഒരു വ്യക്തിക്ക് മാത്രമേ സ്ഥലം വിൽക്കാൻ അനുവദിക്കൂ എന്നാണ് ഹിന്ദുത്വ സംഘടനകൾ പറയുന്നത്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീറഠിൽ ഹിന്ദു കുടുംബം വിറ്റ വീട് മുസ്‌ലിമായ വ്യക്തി വാങ്ങിയതിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. പ്രദേശത്തെ ഹിന്ദുത്വ സംഘടനകൾ പ്രദേശത്തെ പൊലീസ് സ്റ്റേഷന് മുന്നിൽ ഹനുമാൻ ചാലിസ പാടി പ്രതിഷേധിച്ചു. ഥാപർ നഗറിലെ വില്ലക്ക് പുറത്തും ഇവർ ഹനുമാൻ ചാലിസ പാടി.
സ്വത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. മുസ്‌ലിമല്ലാത്ത ഒരു വ്യക്തിക്ക് മാത്രമേ സ്ഥലം വിൽക്കാൻ അനുവദിക്കൂ എന്ന ഹിന്ദുത്വ സംഘടനകൾ പറയുന്നത്. നവംബർ 30ന് സ്‌കൂട്ടറിൽ എത്തിയ രണ്ട് അജ്ഞാതർ അടുത്തുള്ള ഗുരുദ്വാരക്ക് പുറത്തേക്ക് മാംസക്കഷണങ്ങൾ എറിഞ്ഞതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. ഇത് വിധർമികൾ (അഹിന്ദുക്കളെ അധിക്ഷേപിക്കുന്ന ഒരു പദപ്രയോഗം) ചെയ്തതാണ് എന്ന് പ്രാദേശിക ഹിന്ദുത്വ നേതാവായ സച്ചിൻ സിരോഹി ആരോപിച്ചു.
നവംബർ 26നാണ് സയീദ് അഹമ്മദ് എന്ന വ്യക്തി വീണ കൽറ, മകൻ അനുഭവ് കൽറ എന്നിവരിൽ നിന്ന് അവരുടെ വീട് വാങ്ങിയത്. സിഖുകാരും ഹിന്ദുക്കളും കൂടുതലായി താമസിക്കുന്ന ആഡംബര കോളനിയായിരുന്നു അത്. 1.46 കോടിക്കാണ് സയീദ് വീട് വാങ്ങിയത്. പ്രാദേശിക ഹിന്ദുത്വ ഗ്രൂപ്പുകളുടെ അവഗണിച്ച് അദ്ദേഹം പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. തർക്കവും പ്രതിഷേധവും രൂക്ഷമായതോടെ സയീദിന് ഹൃദയാഘാതം സംഭവിച്ചു. മീറഠിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
വലിയ തുക ലോൺ എടുത്താണ് അവൻ വില്ല വാങ്ങിയത്. അയൽവാസികളായ ആരോടും അവന് ശത്രുതയില്ല. തന്റെ സമ്പാദ്യം മുഴുവൻ സയീദ് വീട് വാങ്ങാനായി ചെലവഴിച്ചു. സയീദും അനുഭവിന്റെ പിതാവും ഒരേ മേഖലയിലാണ് പ്രവർത്തിച്ചിരുന്നതെന്നും സയീദിന്റെ സഹോദരനായ ഷഹ്‌റോസ് പറഞ്ഞു.
കൽറകൾ പാലിന്റെ മൊത്തവിൽപ്പനക്കാരാണ്. അവരുടെ വീട്ടിലേക്ക് താമസം മാറിയാൽ അവരുടെ പഴയ ഉപഭോക്താക്കളെ കൂടി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും സയീദിനുണ്ടായിരുന്നു. മാസങ്ങളായി വില്ല വിൽക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും തൃപ്തികരമായ വില ലഭിച്ചതുകൊണ്ടാണ് സയീദിന് നൽകിയതെന്നുമാണ് അനുഭവ് കൽറ പൊലീസിനോട് പറഞ്ഞത്.
നിലവിൽ ഈ സ്വത്ത് വിൽപ്പന ഒരു വർഗീയ പ്രശ്‌നമായി മാറുകയും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. വീടിന്റെ താക്കോൽ പ്രദേശത്തെ എംഎൽഎ ആയ അമിത് അഗർവാളിന്റെ കയ്യിലായിരുന്നു. എംഎൽഎ വീട് വിൽക്കാൻ സഹായിക്കുമെന്നാണ് കൽറ കുടുംബം വിചാരിച്ചിരുന്നത്. അത് സാധിക്കാതെ വന്നതോടെയാണ് സയീദിന് വീട് വിറ്റത്.
അമിത് അഗർവാളിനെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ലെന്ന് ഷഹ്‌റോസ് പറഞ്ഞു. തങ്ങൾ ഇതുവരെ പരാതി നൽകിയിട്ടില്ല. പക്ഷേ തന്റെ സഹോദരന് എന്തെങ്കിലും സംഭവിച്ചാൽ സച്ചിൻ സരോഹിയായിരിക്കും ഉത്തരവാദിയെന്ന് ഷഹ്‌റോസ് പറഞ്ഞു.