ഇന്ത്യ സന്ദർശനത്തിൽ നിന്ന് മെസിക്ക് എത്രരൂപ ലഭിച്ചു ? ; മുഖ്യ സംഘാടകന്റെ വെളിപ്പെടുത്തൽ പുറത്ത്
'ദേഹത്ത് സ്പർശിക്കുന്നതും കെട്ടിപ്പിടിക്കുന്നതും മെസ്സിക്ക് ഇഷ്ടമല്ലായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ നേരത്തെ തന്നെ അറിയിച്ചിരുന്നു'
കൊൽക്കത്ത: ഫുട്‌ബോൾ ആരാധകർക്ക് ആവേശ കൊടുമുടിയേറ്റിയ മെസിയുടെ ഇന്ത്യൻ സന്ദർശനം അവസാനിച്ചിരിക്കുന്നു. കൊൽക്കത്തയിൽ സന്ദർശനത്തിടെ ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായി. അതിനെ തുടർന്ന് ബംഗാൾ കായികമന്ത്രിക്ക് വരെ രാജിവെക്കേണ്ടി വന്നു. അന്നത്തെ പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന സതാദ്രു ദത്ത അറസ്റ്റിലായിരുന്നു. അയാൾ അന്വേഷണ സംഘത്തോട് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
സതാദ്രു ദത്തയുടെ വെളിപ്പെടുത്തലിൽ വളരെ പ്രധാനപ്പെട്ടത് ഇന്ത്യ ടൂറിൽ നിന്ന് മെസിക്ക് എത്രരൂപ കിട്ടി എന്ന വെളുപ്പെടുത്തലാണ്. മെസിക്ക് 89 കോടി രൂപ പ്രതിഫലമായി നൽകിയെന്നും 11 കോടി രൂപ നികുതിയായി നൽകി എന്നുമാണ് സതാദ്രു ദത്ത പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. മൊത്തം നൂറ് കോടി രൂപയാണ് മെസിയെ കൊണ്ടുവരാൻ ചിലവിട്ടത്. 30 കോടി രൂപ സ്‌പോൺസർഷിപ്പിലൂടേയും 30 കോടി രൂപ ടിക്കറ്റിലൂടെയും നേടാൻ സാധിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘത്തോട് സതാദ്രു ദത്ത പറഞ്ഞിട്ടുണ്ട്. ഇയാളുടെ മരവിപ്പിച്ച അക്കൗണ്ടിൽ 20 കോടി രൂപ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നുണ്ട്. വെള്ളിയാഴ്ച ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 13-ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വൻ സുരക്ഷാ വീഴ്ചയും തിക്കും തിരക്കും ഉണ്ടായതിനെ തുടർന്ന് മെസ്സി നിശ്ചയിച്ച സമയത്തിന് മുൻപ് മടങ്ങിയിരുന്നു. 'ദേഹത്ത് സ്പർശിക്കുന്നതും കെട്ടിപ്പിടിക്കുന്നതും മെസ്സിക്ക് ഇഷ്ടമല്ലായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ നേരത്തെ തന്നെ അറിയിച്ചിരുന്നു' എന്നും ദത്ത അന്വേഷണ സംഘത്തോട് പറഞ്ഞു. അന്ന് തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. മെസിയെ പോലൊരു സെലിബ്രിറ്റി വന്നതോടെ എല്ലാ നിയന്ത്രണങ്ങളും മാഞ്ഞുപോയി. 150 ഗ്രൗണ്ട് പാസുകളാണ് നൽകാൻ തീരുമാനിച്ചിരുന്നത്. അത് മൂന്നിരട്ടിയിലേറെയായി. വിഐപി ഇടപെടലിൽ ആരാധകർക്ക് മെസ്സിയെ കാണാൻ സാധിക്കാത്തതാണ് പ്രതിഷേധത്തിനും ആക്രമണത്തിനും കാരണമായത് എന്നും ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.