നിതീഷ് പോകുമ്പോൾ മഹാസഖ്യത്തിന്റെ സ്ഥിതി; ബിഹാറിലെ അംഗബലം ഇങ്ങനെ

നിയമസഭയിൽ ഏറ്റവും കൂടുതൽ അംഗബലമുള്ള മൂന്നാമത്തെ കക്ഷി മാത്രമാണ് ജെഡിയു- 45 പേർ

Update: 2024-01-28 06:30 GMT
Editor : abs | By : Web Desk
Advertising

പട്‌ന: ഇടക്കാലത്തിന് ശേഷം ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻഡിഎയിലേക്ക് ചേക്കേറുമ്പോൾ മാറി മറിഞ്ഞ് നിയമസഭയിലെ കണക്കുകൾ. രാഷ്ട്രീയ ജനതാദളുമായുള്ള രണ്ടു വർഷത്തെ ബന്ധം ഉപേക്ഷിച്ചാണ് നിതീഷ് ഒരിക്കല്‍ക്കൂടി എന്‍ഡിഎ  പാളയത്തിലെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നു മാസങ്ങൾക്കകലെ നിൽക്കുന്ന വേളയിലാണ് നിതീഷിന്റെ ചാട്ടം.

2022ലാണ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ആർജെഡി, കോൺഗ്രസ്, ഇടതുകക്ഷികൾ എന്നിവർക്കൊപ്പം നിതീഷ് ബിഹാറിൽ സർക്കാർ രൂപവത്കരിച്ചത്. നിയമസഭയിൽ ഏറ്റവും കൂടുതൽ അംഗബലമുള്ള മൂന്നാമത്തെ കക്ഷി മാത്രമാണ് ജെഡിയു- 45 പേർ.

243 അംഗ സഭയിൽ 79 എംഎൽഎമാരുള്ള ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 78 എംഎൽഎമാരുണ്ട്. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസിന് 19 അംഗങ്ങളും സിപിഐ എംഎല്ലിന് 12 അംഗങ്ങളുമുണ്ട്. ഹിന്ദുസ്ഥാനി അവാം മോർച്ച - 4, സിപിഐ 2, സിപിഐ(എം)-2, എഐഎംഐഎം-1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ അംഗബലം.

ജെഡിയു-ബിജെപി സർക്കാർ

നിതീഷ് എൻഡിഎയിലേക്ക് ചേക്കേറിയതോടെ ഇരുകക്ഷികളുടെയും അംഗബലം 157 ആയി. 122 പേരുടെ പിന്തുണയാണ് സർക്കാർ രൂപവത്കരണത്തിന് ആവശ്യം. നാല് എംഎൽഎമാരുള്ള ഹിന്ദുസ്ഥാനി അവാമി മോർച്ചയും എൻഡിഎക്കൊപ്പമാണുള്ളത്. നിതീഷ് തന്നെ മുഖ്യമന്ത്രിയായി തുടരും. ആർജെഡി മന്ത്രിമാർക്ക് പകരം ബിജെപി മന്ത്രിമാർ വകുപ്പുകൾ ഏറ്റെടുക്കും. ഉപമുഖ്യമന്ത്രി സ്ഥാനവും ബിജെപിക്ക ്ലഭിച്ചേക്കും. 

ജെഡിയു പിന്തുണ പിൻവലിച്ചതോടെ സർക്കാർ രൂപീകരണത്തിന് ആവശ്യമായ അംഗബലം മഹാസഖ്യത്തിനുണ്ടാകില്ല. എട്ടു പേരുടെ കുറവാണ് സഖ്യത്തിനുള്ളത്. ആകെ 114 പേർ. ഇന്‍ഡ്യാ സഖ്യത്തെ മുന്‍നിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രതിപക്ഷ തന്ത്രങ്ങള്‍ക്കാണ് നിതീഷിന്‍റെ ചാട്ടം ആഘാതമാകുക. 

ഇൻഡ്യാ സഖ്യത്തെ കുറ്റപ്പെടുത്തിയാണ് നിതീഷ് മറുകണ്ടം ചാടുന്നത് എന്നതും ശ്രദ്ധേയം. ആരും ജോലി ചെയ്യുന്നില്ല. എല്ലാവർക്കും സഖ്യമുണ്ടാക്കുന്നതിലാണ് ശ്രദ്ധ. സഖ്യത്തിലെ സ്ഥിതികൾ ആശാവഹമല്ല. പാർട്ടി നേതാക്കളോട് ആലോചിച്ച ശേഷമാണ് രാജി.- അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News