ട്രെയിനില്‍ ലഗേജ് മറന്നുവെച്ചോ?; പരിഭ്രാന്തരാകേണ്ട, ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി...
ട്രെയിൻ സ്റ്റേഷൻ വിട്ടുപോയാൽ ലഗേജിന് എന്ത് സംഭവിക്കുമെന്നും അത് എങ്ങനെ വീണ്ടെടുക്കുമെന്നും ആലോചിച്ച് ടെൻഷനാകുകയോ പിന്നാലെ ഓടി അപകടം വിളിച്ചുവരുത്തുകയോ ചെയ്യേണ്ട..
ന്യൂഡല്‍ഹി: ട്രെയിൻ യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എത്ര ദീർഘദൂരയാത്രയാണെങ്കിലും പോക്കറ്റ് കാലിയാകെ സുഖകരമായി യാത്രചെയ്യാം എന്നത് തന്നെയാണ് ട്രെയിൻ യാത്ര ഭൂരിഭാഗം പേരും തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. എന്നാൽ യാത്രക്കിടയിൽ ചായയോ ഭക്ഷണമോ കഴിക്കാനായി പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയെന്ന് കരുതുന്നു.എന്നാൽ പെട്ടന്ന് ട്രെയിൻ എടുത്തു. നിങ്ങളുടെ ബാഗടക്കമുള്ള സകല സാധനങ്ങളും ട്രെയിനിലും. ആരായാലും പരിഭ്രാന്തരാകുമെന്ന് ഉറപ്പ്. നിങ്ങൾ കയറാതെ ട്രെയിൻ സ്റ്റേഷൻ വിട്ടുപോയാൽ ലഗേജിന് എന്ത് സംഭവിക്കുമെന്നും അത് എങ്ങനെ വീണ്ടെടുക്കുമെന്നും ആലോചിച്ച് ടെൻഷനാകുകയോ പിന്നാലെ ഓടി അപകടം വിളിച്ചുവരുത്തുകയോ ചെയ്യേണ്ട. നിങ്ങളുടെ ലഗേജ് സുരക്ഷിതമായി തിരികെ കിട്ടാൻ വഴികളുണ്ട്.അത് എന്തൊക്കെയാണെന്ന് നോക്കാം...
ബാഗെത്തുന്നത് അവസാന സ്റ്റേഷനിൽ
ട്രെയിനിൽ മറന്നുവെച്ചതോ നഷ്ടപ്പെട്ടതോ ആയ ബാഗുകളെ ഉടമസ്ഥനില്ലാത്ത ലഗേജ് (അൺഅക്കമ്പാനിഡ് ലഗേജ്)ആയാണ് റെയിൽവെ ജീവനക്കാർ രേഖപ്പെടുത്തുക.ട്രെയിൻ യാത്ര എവിടെ അവസാനിക്കുന്നുവോ ആ സ്‌റ്റേഷനിൽ വെച്ച് ഗാർഡിന്റെ മേൽനോട്ടത്തിൽ അത് രേഖപ്പെടുത്തു. തുടർന്ന് പാഴ്‌സൽ,അല്ലെങ്കിൽ ലഗേജ് ഓഫീസിലേക്ക് അയക്കും.ബാഗ് തന്റേതാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും വരുന്നത് വരെ അവിടെ സുരക്ഷിതമായി സൂക്ഷിക്കും. അൺഅക്കമ്പാനിഡ് ലഗേജിന്റെ ഓരോ ഭാഗവും രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യും. യഥാർഥ ഉടമ ഐഡിപ്രൂഫും ടിക്കറ്റ് പ്രൂഫുമായി എത്തുന്നത് വരെ ലഗേജിലെ ഒന്നും നഷ്ടമാകാതെ സൂക്ഷിക്കുകയും ചെയ്യും.
അമാന്തിച്ച് നില്‍ക്കരുത്.. ഉടൻ റിപ്പോർട്ട് ചെയ്യുക...
നിങ്ങളെക്കൂടാതെ ട്രെയിൻ മുന്നോട്ട് പോകുകയും ബാഗുകൾ അതിനകത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തിയാൽ പിന്നെ അമാന്തിച്ച് നിൽക്കരുത്.ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണം.ഏത് സ്റ്റേഷനിലാണോ നിങ്ങളുള്ളത് ആ സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിലെത്തി PNR നമ്പർ,ട്രെയിൻ പേര്,കോച്ച് നമ്പർ,നിങ്ങളുടെ ലഗേജിനെക്കുറിച്ചുള്ള വിവരങ്ങളടക്കമുള്ള വിശദാംശങ്ങൾ നൽകുക. ഇതെല്ലാം രേഖപ്പെടുത്തി ഉദ്യോഗസ്ഥർ അടുത്ത സ്‌റ്റേഷനെയോ ട്രെയിനിലെ ഗാർഡിനെയോ വിവരം അറിയിക്കും.ഇനി അതല്ലെങ്കിൽ 139 എന്ന നമ്പറിലോ റെയിൽ മദദ് ആപ്പ് വഴിയോ പരാതി നൽകാം.പെട്ടന്ന് പരാതി നൽകിയാൽ വേഗത്തിൽ ബാഗ് കണ്ടെത്താൻ കഴികയുകയും അവസാന സ്റ്റേഷൻ എത്തുന്നതിന് മുമ്പ് തന്നെ അവ കണ്ടെത്താനും സാധിക്കും..
റെയിൽവെ ലഗേജ് കണ്ടെത്തി സുരക്ഷിതമാക്കും
ബാഗ് നഷ്ടമായി എന്ന പരാതി ലഭിച്ചുകഴിഞ്ഞാൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സും(ആർപിഎഫ്) വാണിജ്യ വിഭാഗം ജീവനക്കാരുമാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. നിങ്ങൾ നൽകി വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാഗ് കണ്ടെത്തുന്നതിന് അടുത്തുള്ള സ്റ്റേഷനുകളെയോ അതെല്ലെങ്കിൽ ട്രെയിനിന്റെ ലാസ്റ്റ് സ്‌റ്റേഷനെയോ ബന്ധപ്പെടും. ബാഗ് കണ്ടെത്തി തിരിച്ചറിഞ്ഞാൽ അവ ട്രെയിനിൽ നിന്ന് സുരക്ഷിതമായി ഇറക്കി പഴ്‌സൽ ഓഫീസിലെത്തി സീൽ ചെയ്യും. കൂടാതെ അവ തിരിച്ചുവാങ്ങാൻ നിങ്ങളെത്തും വരെ ബാഗ് സുരക്ഷിതമായി സൂക്ഷിക്കും.അതേസമയം വിമാനത്താവളങ്ങളിലെ പോലെ ഹൈടെക് സംവിധാനമായിരിക്കില്ല ഇതെന്നും ഓർക്കുക.
ബാഗ് റെയിൽവെ തിരിച്ചയക്കും!
ചില പ്രത്യേക സാഹചര്യങ്ങളിൽ, ലഗേജ് ഇന്ത്യൻ റെയിൽവെ തിരിച്ചയക്കും. നിങ്ങൾക്ക് ബാഗ് നേരിട്ട് എത്തി കൈപ്പറ്റാൻ സാധിക്കില്ലെന്നുണ്ടെങ്കിൽ അക്കാര്യം വിശദീകരിച്ച് രേഖാമൂലം അപേക്ഷ നൽകിയാൽ മാത്രമേ റെയിൽവെ ബാഗ് തിരിച്ചയക്കൂ. നിങ്ങൾ നൽകിയ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മറ്റൊരു ട്രെയിൻ പാഴ്‌സൽ ലഗേജായി നിങ്ങളുടെ അടുത്തുള്ള സ്റ്റേഷിലേക്ക് റീ ബുക്ക് ചെയ്യും. ഇതിന് ചെറിയ ചരക്ക് കൂലി നൽകേണ്ടി വരും. ദൂരം അനുസരിച്ച് 24 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ ബാഗ് എത്താൻ സമയമെടുക്കും. ബാഗ് തിരിച്ചയച്ചാൽ പാഴ്‌സൽ ഓഫീസിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ഫോൺകോളോ സന്ദേശമോ നിങ്ങൾക്ക് ലഭിക്കും.
ലഗേജ് ട്രാക്ക് ചെയ്യാൻ സാധിക്കുമോ?
യാത്രക്കാർ ലഗേജ് ട്രാക്ക് ചെയ്യാനുള്ള സംവിധാനം നിലവിൽ റെയിൽവെക്കില്ല.എന്നാൽ നിങ്ങളുടെ പരാതി ലഭിച്ചുകഴിഞ്ഞാൽ നഷ്ടമായ ബാഗിന്റെ രേഖകൾ പഴ്‌സൽ മാനേജ്‌മെന്റ് സിസ്റ്റം വഴി സൂക്ഷിക്കുന്നുണ്ട്. റെയിൽ മദദിലെ പരാതി നമ്പർ ഉപയോഗിച്ച് ബാഗിന്റെ തുടർനടപടികൾ അറിയാനാകും.അതല്ലെങ്കിൽ പാഴ്‌സൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടാലും ബാഗിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. ട്രെയിൻ യാത്രയിൽ ലഗേജിൽ പേര്,പിഎൻആർ,മൊബൈൽ നമ്പർ എന്നിവ ടാഗ് ചെയ്യുന്നത് നിങ്ങളുടെ സാധനങ്ങൾ വേഗത്തിൽ കണ്ടെത്താൻ ജീവനക്കാരെ സഹായിക്കും.
ബാഗിന് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം കിട്ടുമോ?
സെൻട്രൽ റെയിൽവെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, നഷ്ടപ്പെട്ടതോ,കേടുപാടുകൾ സംഭവിച്ചതോ ആയ ലഗേജുകൾക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാമെന്നാണ് പറയുന്നത്. ബുക്കിങ് സമയത്ത് ബാഗിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടുണ്ടോ, അതിന് ബാധകമായ ചാർജുകൾ അടച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാകും നഷ്ടപരിഹാരം നൽകുക.
ക്ലെയിം എങ്ങനെ ഫയൽ ചെയ്യാം...
ബുക്കിങ് തീയതി മുതൽ ആറുമാസത്തിനുള്ളിൽ ക്ലെയിമുകൾ നൽകുകയും വേണം..അല്ലാത്ത പക്ഷം അവ നിരസിക്കപ്പെട്ടേക്കാം.
ഓഫ്‌ലൈനായോ ഓൺലൈനായോ ക്ലെയിമിന് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും സമർപ്പിക്കണം.
നഷ്ടപരിഹാരം കിട്ടുന്നതിൽ കാലതാമസമോ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ
ബന്ധപ്പെട്ട സോണൽ റെയിൽവേയുടെ അഡീഷണൽ ജനറൽ മാനേജരെയോ (എജിഎം) ജനറൽ മാനേജരെയോ (ജിഎം) സമീപിക്കുക.
ട്രെയിന്‍ യാത്രക്കൊരുങ്ങും മുന്‍പ്.....
നേരത്തെ എത്തുക: പുറപ്പെടുന്നതിന് 30-45 മിനിറ്റ് മുമ്പെങ്കിലും സ്റ്റേഷനിൽ എത്തുക, പ്രത്യേകിച്ച് ദീർഘദൂര യാത്രകള്‍ക്ക്..
അവശ്യവസ്തുക്കൾ കയ്യിൽ കരുതുക: വിലപിടിപ്പുള്ള വസ്തുക്കളും പ്രധാനപ്പെട്ട വസ്തുക്കളും ഹാൻഡ്ബാഗിലോ ബാക്ക്പാക്കിലോ കൊണ്ടുനടക്കുക.ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്കോ മറ്റോ ഇറങ്ങുന്ന സമയത്തും ഇവ കൊണ്ടുനടക്കാം.
ലഗേജ് സുരക്ഷിതമാക്കുക: ഉറപ്പുള്ള ലോക്കുകൾ ഉപയോഗിച്ച് ബാഗുകള്‍ പൂട്ടുക, ഫോൺ നമ്പറോ,പേരോ കാണുന്ന രീതിയില്‍ ടാഗ് നല്‍കുക.
പ്ലാറ്റ്ഫോം അപ്ഡേറ്റുകൾ പരിശോധിക്കുക: ആശയക്കുഴപ്പം ഒഴിവാക്കാൻ ട്രെയിന്‍ അറിയിപ്പുകൾ നിരീക്ഷിക്കുക.
തിരക്കുകൂട്ടുന്നത് ഒഴിവാക്കുക: സ്റ്റേഷനിലെത്തിയാല്‍ നിങ്ങളുടെ കോച്ച് എവിടെയാണെന്ന് കൃത്യമായി മനസിലാക്കുക. ട്രെയിന്‍ വന്നതിന് ശേഷം കോച്ച് നോക്കി ഓടുന്നത് ഒഴിവാക്കുക.