അരുണ്‍ ഗോയലിന്‍റെ അടിയന്തര നിയമനത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതി വിമർശം

അരുൺ ഗോയലിനെ നിയമിച്ചതിന്‍റെ ഫയലുകൾ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു

Update: 2023-03-04 03:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: അരുൺ ഗോയലിനെ അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്‍റെ പ്രാധാന്യമെന്തെന്ന് സുപ്രീംകോടതി. പട്ടികയിലുണ്ടായിരുന്ന അവസാന നാലുപേരിലേക്ക് എങ്ങനെ എത്തിയെന്നും ജസ്റ്റിസ് കെ. എം ജോസഫ് ചോദിച്ചു. അരുൺ ഗോയലിനെ നിയമിച്ചതിന്‍റെ ഫയലുകൾ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു.

വിരമിച്ച പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമന നടപടി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. നിയമനം ഒഴിവാക്കാമായിരുന്നുവെന്നു ഭരണഘടന ബെഞ്ച് നിരീക്ഷിച്ചിരുന്നു.

അരുണ്‍ ഗോയലിന്‍റെ നിയമനം ശരിയായ രീതിയിലല്ല നടന്നതെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ബെഞ്ചിന് മുമ്പാകെ ആരോപിച്ചിരുന്നു. സാധാരണ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി വിരമിച്ച ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. എന്നാല്‍, വ്യാഴാഴ്ച ഭരണഘടനാ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കാന്‍ തുടങ്ങിയതിന് തൊട്ടടുത്ത ദിവസം അരുണ്‍ ഗോയലിന് സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. മെയ് മാസം മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഒഴിവിലേക്കാണ് തിടുക്കത്തില്‍ സര്‍ക്കാര്‍ നിയമനം നടത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News