സ്വത്ത് തർക്കം: തെലങ്കാനയിൽ വ്യവസായിയെ കൊലപ്പെടുത്തി പേരക്കുട്ടി; കുത്തിയത് 70 തവണ

460 കോടിയുടെ ആസ്തിയുള്ള വെൽജൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ വി.സി ജനാർദന റാവു ആണ് കൊല്ലപ്പെട്ടത്.

Update: 2025-02-10 11:22 GMT

ഹൈദരാബാദ്: സ്വത്ത് തർക്കത്തെ തുടർന്ന് 28 വയസ്സുകാരൻ മുത്തച്ഛനെ കുത്തിക്കൊന്നു. 460 കോടിയുടെ ആസ്തിയുള്ള വെൽജൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ വി.സി ജനാർദന റാവു (86) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പേരക്കുട്ടിയായ കീർത്തി തേജയെ പൊലീസ് അറസ്റ്റ് ചെയ്തു.

പിജി പഠനത്തിന് ശേഷം യുഎസിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു കീർത്തി തേജ. വ്യാഴാഴ്ച രാത്രി തേജയും അമ്മ സരോജിനി ദേവിയും ഹൈദരാബാദിൽ മുത്തച്ഛന്റെ വീട്ടിലെത്തി. തേജ മുത്തച്ഛനുമായി സംസാരിച്ചിരിക്കുമ്പോൾ സരോജിനി ദേവി ചായയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. കമ്പനിയുടെ ഡയറക്ടർ പദവിയുമായി ബന്ധപ്പെട്ടാണ് മുത്തച്ഛനും പേരക്കുട്ടിയും തമ്മിൽ തർക്കം തുടങ്ങിയത്.

Advertising
Advertising

അടുത്തിടെ റാവു മൂത്തമകളുടെ മകൻ ശ്രീകൃഷ്ണയെ വെൽജൻ ഗ്രൂപ്പിന്റെ ഡയറക്ടറായി നിയമിച്ചിരുന്നു. ഒപ്പം നാലുകോടി രൂപയുടെ ഓഹരി രണ്ടാമത്തെ മകളായ സരോജിനിയുടെ മകനായ തേജക്കും നൽകി. ഇതിൽ നീതിയില്ലെന്നും മുത്തച്ഛൻ പേരക്കുട്ടികളെ രണ്ട് രീതിയിലാണ് കണ്ടതെന്നുമായിരുന്നു തേജയുടെ ആരോപണം. കുട്ടിക്കാലം മുതൽ തന്നെ അവഗണിക്കുകയാണെന്നും ആരോപിച്ചു.

വാക്കുതർക്കത്തിനൊടുവിൽ നിയന്ത്രണം നഷ്ടപ്പെട്ട തേജ കത്തികൊണ്ട് മുത്തച്ഛനെ കുത്തുകയായിരുന്നു. റാവുവിന്റെ ശരീരത്തിൽ 70 കുത്തുകൾ ഏറ്റതായാണ് റിപ്പോർട്ട്. തടയാൻ ശ്രമിച്ച അമ്മ സരോജിനിയെയും തേജ കുത്തിപ്പരിക്കേൽപ്പിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

തെലങ്കാനയിൽ അറിയപ്പെടുന്ന വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമാണ് ജനാർദന റാവു. കപ്പൽ നിർമാണം, ഊർജം, വ്യാവസായിക രംഗത്തെ യന്ത്രവത്കരണം തുടങ്ങി നിരവധി മേഖലകളിൽ റാവു തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News