രാജിക്കത്ത് അനുയായികൾ കീറി; നിർണായക ഘട്ടത്തിൽ രാജിയില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്

ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറാൻ ഔദ്യോഗിക വസതിയിൽ നിന്നിറങ്ങിയ ബീരേന്‍ സിങ്ങിന് രാജ്ഭവനിലേക്ക് എത്താനായില്ല

Update: 2023-06-30 12:43 GMT

N Biren Singh

Advertising

ഇംഫാല്‍: മണിപ്പൂരില്‍ കലാപം രൂക്ഷമാകുന്നതിനിടെ രാജിനാടകവുമായി മുഖ്യമന്ത്രി ബീരേന്‍ സിങ്. മുഖ്യമന്ത്രി പദവി രാജി വെക്കാൻ ഒരുങ്ങിയ ബീരേന്‍ സിങ്ങിനെ ബി.ജെ.പി നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചു. ബീരേന്‍ സിങ് തയ്യാറാക്കിയ രാജിക്കത്ത് അനുയായികൾ കീറിക്കളഞ്ഞു. നിർണായക ഘട്ടത്തിൽ രാജിവെക്കില്ലെന്ന് ബീരേന്‍ സിങ് ട്വീറ്റ് ചെയ്തു.

നാടകീയമായ രംഗങ്ങൾക്കാണ് മണിപ്പൂർ ഇന്ന് സാക്ഷ്യം വഹിച്ചത്. മൂന്നു മണിക്ക് ഗവർണർ അനുസൂയ യു.കെയെ കണ്ട് രാജിക്കത്ത് കൈമാറാൻ ഔദ്യോഗിക വസതിയിൽ നിന്നിറങ്ങിയ ബീരേന്‍ സിങ്ങിന് രാജ്ഭവനിലേക്ക് എത്താനായില്ല. രാജിതീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അനുയായികളും മെയ്‍തെയ് വിഭാഗവും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും രാജ്ഭവനിലും തടിച്ചുകൂടി. മുഖ്യമന്ത്രിയുടെ വാഹനം സ്ത്രീകളടങ്ങുന്ന സംഘം തടഞ്ഞു. ഇതിനിടെയാണ് അനുയായികൾ രാജിക്കത്ത് പിടിച്ചുവാങ്ങി കീറിയതെന്നാണ് റിപ്പോർട്ട്‌.

പിന്നാലെയാണ് നിർണായക ഘട്ടത്തിൽ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ അറിയിച്ചത്. രാജിവെച്ചാൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരിവെക്കും. അതിന് ഇടവരുത്തരുതെന്നായിരുന്നു സംസ്ഥാന ബി.ജെ.പി ഘടകത്തിന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി രാജിയിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന. മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണർ ശിപാർശ ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ നാളെ പുലർച്ചെ അഞ്ചു വരെ കർഫ്യു ഏർപ്പെടുത്തി. അതേസമയം ഇന്നലെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അഞ്ചു പേർക്ക് പരിക്കേറ്റു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News